സംവരണേതര വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം ഈ വർഷം തന്നെ നടപ്പാക്കും
Tuesday, August 4, 2020 12:42 AM IST
തിരുവനന്തപുരം: സംവരേണതര വിഭാഗങ്ങളിൽ സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ പ്രവേശന സംവരണം ഈ വർഷം തന്നെ നടപ്പാക്കുമെന്നു സംസ്ഥാന സർക്കാർ. നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പ്രോസ്പെക്ടസിൽ സംവരണേതര വിദ്യാർഥികൾക്കുള്ള പ്രവേശന സംവരണം സംബന്ധിച്ച് പ്രതിപാദിച്ചിരുന്നില്ല. ഇക്കാര്യം ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഭരണഘടനാ പരമായി വിദ്യാർഥികൾക്ക് നല്കിയിട്ടുള്ള അവകാശങ്ങൾ എല്ലാം ലഭ്യമാക്കുമെന്നു ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിദ്യാർഥികളുടെ പ്രവേശനം സംബന്ധിച്ചുള്ള ഫയലിൽമേൽ ഉടൻ തീരുമാനം ഉണ്ടാവും. ഒരു വിദ്യാർഥിയുടേയും സംവരണാനുകൂല്യം നഷ്ടമാകില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംവരണേതര വിഭാഗങ്ങളിൽ സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും 10 ശതമാനം സംവരണമാണ് ദേശീയ തലത്തിൽ അനുവദിച്ചിട്ടുള്ളത്. എന്നാൽ നഴ്സിംഗ്, പാരാമെഡിക്കൽ ഉൾപ്പെടെയുള്ള മേഖലകളിൽ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാത്തതിനെ തുടർന്ന് ഇത്തരത്തിൽ സംവരണാനുകൂല്യം ലഭിക്കേണ്ട നിരവധി വിദ്യാർഥികൾക്കുള്ള അവസരമാണ് ഇതുമൂലം നഷ്ടമാവാൻ സാധ്യതയുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണമെന്നുള്ള ആവശ്യം ശക്തമായിരിക്കയാണ്.