രാസമാലിന്യങ്ങൾ ചേർത്ത മത്സ്യങ്ങളുടെ വിൽപന തടയാൻ ഓർഡിനൻസ്
Thursday, April 9, 2020 12:44 AM IST
തിരുവനന്തപുരം: രാസമാലിന്യങ്ങൾ ചേർത്തതും പഴക്കമുള്ളതുമായ മത്സ്യങ്ങൾ വിൽക്കുന്നതു തടയുന്നതിനു സർക്കാർ ഓർഡിനൻസ് കൊണ്ടുവരും. ഇത്തരം കുറ്റകൃത്യങ്ങൾക്കു കർശന ശിക്ഷ ഉറപ്പു വരുത്തുന്ന വ്യവസ്ഥ ഓർഡിനൻസിൽ ഉണ്ടാകും.
കോവിഡ് ലോക്ക് ഡൗണിനെ തുടർന്നു നടത്തിയ പരിശോധനയിൽ ഭക്ഷ്യ യോഗ്യമല്ലാത്ത മത്സ്യം വ്യാപകമായി പിടികൂടിയിരുന്നു. ഇങ്ങനെ പിടികൂടിയാൽ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചുള്ള തുടർനടപടികളാണ് സ്വീകരിക്കുന്നത്.ഇത് അപര്യാപ്തമാണ്.
മത്സ്യത്തിന്റെ ഗുണനിലവാരം, വിപണനം, ലേലം തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള കരടു ബിൽ ഫിഷറീസ് വകുപ്പ് തയാറാക്കിയിട്ടുണ്ട്.ഇതു നിയമസഭയിൽ അവതരിപ്പിക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും നടന്നില്ല. വൻ തോതിൽ മോശം മത്സ്യം പിടിച്ചെടുത്ത സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് ഇത് ഓർഡിനൻസ് ആയി ഇറക്കാനാണ് ആലോചിക്കുന്നതെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.