സമുദായ പിന്നോക്കാവസ്ഥ: ഭീമഹര്‍ജിയുമായി ചങ്ങനാശേരി അതിരൂപത
Friday, November 22, 2019 11:40 PM IST
ചങ്ങനാശേരി: കേരള ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ശ്രമം വേണമെന്ന ആവശ്യവുമായി രാജത്വ തിരുനാള്‍ ദിനമായ നാളെ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സമുദായ സംരക്ഷണ ദിനം ആചരിക്കും.
ഇതോടനുബന്ധിച്ച് ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന വിവേചനവും മറ്റ് അനീതികളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജിക്കുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനവും നടക്കും. പുന്നത്തറ സെന്റ് തോമസ് ഇടവകയില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം സമുദായ ദിനാചരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നിര്‍വഹിക്കും.
അതിരൂപതയിലെ എല്ലാ ഇടവകകളിലും അന്നേ ദിവസവും തുടര്‍ന്നും ബോധവത്കരണ സെമിനാറുകളും പ്രതികരണപരിപാടികളും സംഘടിപ്പിക്കും. പതാക ഉയര്‍ത്തിയും സമുദായ സംരക്ഷണ പ്രതിജ്ഞ ചൊല്ലിയും വിശ്വാസികള്‍ സമുദായ സംരക്ഷണ ദിനം സമുചിതമായി ആചരിക്കും. സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക പിന്നോക്കവസ്ഥ പരിഹരിക്കാനുള്ള വിവിധ ആവശ്യങ്ങൾക്കൊപ്പം ഇക്കാര്യങ്ങള്‍ പഠിക്കുന്നതിന് ഒരു ജുഡീഷല്‍ കമ്മീഷനെ നിയമിക്കണമെന്ന ആവശ്യവും ഭീമഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.