സുപ്രീംകോടതി വിധി സ്റ്റേയ്ക്കു തുല്യമെന്നു നിയമോപദേശം
Saturday, November 16, 2019 12:58 AM IST
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ വിധി സ്റ്റേയ്ക്കു തുല്യമായി കരുതാമെന്ന് അഡ്വക്കറ്റ് ജനറൽ സർക്കാരിനെ അറിയിച്ചു. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസെക്രട്ടറി, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത എന്നിവരോടും സർക്കാർ അഭിപ്രായം ആരാഞ്ഞിരുന്നു.
വിശാല ബെഞ്ചിന്റെ വിധി വന്നശേഷം പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാമെന്നാണു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായി ഇതു മാറി. യുവതീപ്രവേശനം അനുവദിച്ച 2018ലെ വിധി മരവിപ്പിക്കുന്നതിനു തുല്യമാണിത്. ഈ സാഹചര്യത്തിൽ 2018 ലെ കോടതി ഇടപെടലിനും മുന്പുള്ള സ്ഥിതി നിലനിൽക്കുന്നുവെന്നു വാദിക്കാനാകുമെന്നാണു സർക്കാരിനു നൽകിയിട്ടുള്ള നിയമോപദേശം.
ഈ മണ്ഡലകാലത്തു യുവതീപ്രവേശനം ഒഴിവാക്കുന്നതാണ് ഉചിതമെന്നാണ് അദ്ദേഹവും സർക്കാരിനെ അറിയിച്ചത്. ക്ഷേത്രപ്രവേശന ചട്ടത്തിന്റെ സാധുത കൂടി വിശാല ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്. അതിനാൽത്തന്നെ യുവതീപ്രവേശന വിധി സ്തംഭനാവസ്ഥയിലാണ്. കൂടുതൽ വ്യക്തത വരുത്തിയ ശേഷം നടപടികളാകാം. വിശാല ബെഞ്ചിന്റെ വിധിക്കു ശേഷം പുനഃപരിശോധനാ ഹർജികളിൽ തീർപ്പാക്കാൻ കാലതാമസം ഉണ്ടായേക്കുമെന്നും എജി സർക്കാരിനെ അറിയിച്ചു.