ഏഴിമല നാവിക അക്കാഡമിക്ക് പരമോന്നത ബഹുമതി
Saturday, November 16, 2019 12:58 AM IST
പയ്യന്നൂര്‍: മികച്ച സേവനങ്ങള്‍ പരിഗണിച്ച് രാജ്യത്തെ സൈനികകേന്ദ്രത്തിന് സര്‍വസൈന്യാധിപനായ രാഷ്ട്രപതി നല്കുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ഏഴിമല നാവിക അക്കാഡമിക്ക്.
രാജ്യരക്ഷയ്ക്കായി നിരവധി കഴിവുറ്റ ഓഫീസര്മാരെയുള്പ്പെടെ സംഭാവന നല്കിയ മികവ് പരിഗണിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലനകേന്ദ്രമായ ഏഴിമല നാവിക അക്കാഡമിക്ക് ഈ അവാര്‍ഡ് നല്‍കുന്നത്. 20ന് രാവിലെ എട്ടിന് അക്കാഡമിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാര്‍ഡ് സമ്മാനിക്കും. സേനാ പരേഡിനൊപ്പം നടക്കുന്ന ചടങ്ങിലായിരിക്കും അവാര്‍ഡ് സമ്മാനിക്കുക. വിവിധ സേനാ മേധാവികള്‍, ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.
രാജ്യത്തിന്റെ സുരക്ഷാമേഖലയില്‍ മികച്ച സേവനങ്ങള്‍ നല്കുന്ന സൈനിക കേന്ദ്രത്തിനു നല്കുന്ന പരമോന്നത ബഹുമതിയായി മാറിയ പ്രസിഡന്റ്സ് കളര്‍ അവാര്‍ഡിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.രാജഭരണകാലത്ത് സേനാവിഭാഗത്തിന് രാജാവിന്റെ അംഗീകാരം എന്ന നിലയില്‍ അഭിമാനചിഹ്നം നല്കിവന്നിരുന്നു. രാഷ്ട്രപതിയായിരിക്കെ ഡോ.രാജേന്ദ്ര പ്രസാദാണ് ഇന്ത്യന്‍ സൈന്യത്തിന് പ്രത്യേക അവാര്ഡുകളേര്പ്പെടുത്തിയത്.
2017ലാണ് ഇതിനുമുമ്പ് നാവികസേനയ്ക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ലഭിച്ചത്. അന്തര്‍വാഹിനി വിഭാഗത്തിനായിരുന്നു അന്ന് അവാര്‍ഡ്.
ഗ്യാനി സെയില്‍സിംഗ് രാഷ്ട്രപതിയായിരുന്ന സമയത്ത് കൊച്ചി നാവിക ആസ്ഥാനത്തിന് പ്രസിഡന്റ്സ് കളര്‍ ബഹുമതി ലഭിച്ചിട്ടുണ്ട്.