മുഖ്യമന്ത്രിയും സംഘവും വീണ്ടും വിദേശത്തേക്ക്
Wednesday, November 13, 2019 11:43 PM IST
തിരുവനന്തപുരം: നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘം വിദേശത്തേക്ക്. സംസ്ഥാനത്തേക്കു കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ഈ മാസം 24 മുതൽ ഡിസംബർ നാലു വരെയാണ് ജപ്പാൻ, കൊറിയ തുടങ്ങിയ വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നത്.
മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികളുമടങ്ങുന്ന സംഘം മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. 30 വരെ ജപ്പാനിലും 30 മുതൽ ഡിസംബർ നാലു വരെ കൊറിയയിലുമാണു സന്ദർശന പരിപാടി.
മുഖ്യമന്ത്രിയുടെ യാത്രയ്ക്കു മുന്നോടിയായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ. രാമചന്ദ്രൻ 20നു ജപ്പാനിലെത്തും. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനൊപ്പം വ്യാപാര- വാണിജ്യ സഹകരണം മെച്ചപ്പെടുത്തുകയുമാണ് പര്യടനത്തിന്റെ ലക്ഷ്യമെന്ന് ആസൂത്രണ- സാന്പത്തികകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. യാത്രച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കും.