മാവോയിസ്റ്റുകളെ നേരിടാൻ കർശന ശ്രദ്ധ: ചീഫ് സെക്രട്ടറി
Sunday, October 20, 2019 12:17 AM IST
കണ്ണൂർ: മാവോയിസ്റ്റ് സംഘങ്ങള്‍ കേരളത്തെ ലക്ഷ്യമിടുന്നതായി കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാൻ തീരുമാനം.
വടക്കൻ ജില്ലകളിലെ മാവോയിസ്റ്റ് ഭീഷണിയും സുരക്ഷാകാര്യങ്ങളും വിലയിരുത്താൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വടക്കൻ ജില്ലകളിലെ വനാതിർത്തികളിൽ കഴിഞ്ഞദിവസം മാവോയിസ്റ്റുകൾ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനുകളിൽ കർശന സുരക്ഷയൊരുക്കാൻ നിർദേശവും നൽകിയിരുന്നു.
ആവശ്യമായ ഏകോപനവും മറ്റു നടപടികളും ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തില്‍ ഉണ്ടാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിലെ ഭരണസംവിധാനങ്ങള്‍ തമ്മിലും മികച്ച ഏകോപനം ആവശ്യമാണ്.
ആദിവാസി വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനമുണ്ടാക്കാനാണ് മാവോവാദികൾ ശ്രമിക്കുന്നത്. ഈ ജനവിഭാഗങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ആത്മാര്‍ഥമായ ഇടപെടല്‍ എല്ലാ വകുപ്പുകളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.