പിറവം വലിയപള്ളിയിൽ പ്രവേശിക്കുന്നത് ഓർത്തഡോക്സ് വിഭാഗം 25ലേക്കു മാറ്റി
Saturday, September 21, 2019 11:56 PM IST
പിറവം: കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് വിഭാഗം ഇന്നലെ പിറവം വലിയപള്ളിയിൽ പ്രവേശിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു. പോലീസിന്റെ അഭ്യർഥന പ്രകാരം 25നാണ് പള്ളിയിൽ പ്രവേശിക്കുന്നതെന്ന് ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത പിന്നീടു പറഞ്ഞു.
യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പള്ളിയിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് വൈദികരടക്കമുള്ളവർ പ്രവേശിക്കുമെന്നാണ് ഓർത്തഡോക്സ് വിഭാഗം അറിയിച്ചിരുന്നത്. ഇക്കാര്യം രേഖാമൂലം ജില്ലാ കളക്ടറെയും പോലീസ് ഉദ്യോഗസ്ഥരെയും അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇരുവിഭാഗത്തിലും പെട്ട നിരവധി വിശ്വാസികളും എത്തിച്ചേർന്നിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പും മറ്റു ചില പരിപാടികളും നടക്കുന്നതിനാൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നും മാറ്റിവയ്ക്കണമെന്നുമുള്ള പോലീസിന്റെ അഭ്യർഥന പ്രകാരമാണു 25ലേക്കു നീട്ടിയതെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചു.
സുപ്രീം കോടതി വിധി പ്രകാരം വലിയപള്ളിയിൽ പ്രവേശിക്കുന്നതിനുള്ള പോലീസ് സംരക്ഷണത്തിനായാണ് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ഫാ. സ്കറിയ വട്ടക്കാട്ടിലടക്കം നാല് വൈദികർ ചേർന്ന് നൽകിയ ഹർജിയിൽ അനുകൂല വിധി ലഭിച്ചിരുന്നു. വൈദികർക്കും ഓർത്തഡോക്സ് വിശ്വാസികൾക്കും പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്തുന്നതിനു സംരക്ഷണം നൽകാനാണു ഹൈക്കോടതി ഉത്തരവിട്ടത്.