മറയൂരിലെ തേയിലത്തോട്ടങ്ങളിൽ കാട്ടാനയും കാട്ടുപോത്തും
Sunday, September 15, 2019 12:19 AM IST
മറയൂർ: മറയൂരിനുസമീപം തേയിലതോട്ടങ്ങളിൽ കാട്ടാനയും കാട്ടുപോത്തുകളും തന്പടിച്ചിരിക്കുന്നതിനാൽ ജോലി തടസപ്പെട്ട് തൊഴിലാളികൾ. തലയാർ വുഡ് ബ്രയർ ഗ്രൂപ്പിന്റെ കടുക് മുടി എസ്റ്റേറ്റ് ഭാഗങ്ങളിലാണ് ഒറ്റയാൻ കഴിഞ്ഞ രണ്ടുദിവസമായി ചുറ്റിത്തിരിയുന്നത്.
വ്യാഴാഴ്ച രാവിലെ കടുക് മുടി ടോപ്പ് എസ്റ്റേറ്റ് തൊഴിലാളികളുടെനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായതിനെതുടർന്ന് ഈ ഭാഗത്തെ ജോലി അവസാനിപ്പിക്കേണ്ടിവന്നു.
കാട്ടാനയ്ക്കുപുറമേ കാട്ടുപോത്തും ഈഭാഗത്ത് അലയുന്നതുമൂലം തൊഴിലാളികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ആന, കാട്ടുപോത്ത് തുടങ്ങി ഒരു മൃഗങ്ങളും തേയില ചെടികൾ തിന്നാറില്ല. ലയങ്ങൾക്കുസമീപം തൊഴിലാളികൾ കൃഷിചെയ്യുന്ന ബീൻസ്, വാഴ തുടങ്ങിയ വിളകൾ നശിപ്പിക്കുകയാണ് പതിവ്.
കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാനയെ തൊഴിലാളി ലയങ്ങൾക്ക് സമീപത്തേക്ക് ഇറക്കാതെ വൈകുന്നേരത്തോടെ കാട്ടിലേക്ക് കയറ്റിവിട്ടു. തലയാർ, ഗുണ്ടുമല, കടുക് മുടി എന്നീ ഭാഗങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ചയായി കാട്ടുപോത്തിന്റെയും കാട്ടാനയുടെയും ശല്യം അധികമായിരിക്കുന്നത്.