ഫ്ലാറ്റ് ഉടമകൾക്കുവേണ്ടി നിരവധിപ്പേർ രംഗത്ത്
Saturday, September 14, 2019 12:44 AM IST
കൊച്ചി: സുപ്രീംകോടതി വിധി പ്രകാരം പൊളിക്കേണ്ടി വരുന്ന മരടിലുള്ള നാലു ഫ്ളാറ്റുകളിലെ താമസക്കാരെ അനുകൂലിച്ചു കൂടുതൽ പേർ രംഗത്തെത്തുന്നു. മുൻ ജഡ്ജിമാർ ഉൾപ്പെടെയുള്ള നിയമവിദഗ്ധരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സാമൂഹ്യപ്രവർത്തകരുമൊക്കെ മാനുഷികപ്രശ്നമെന്ന നിലയിൽ ഫ്ളാറ്റ് ഉടമകളെ പിന്തുണയ്ക്കുന്നവരിൽപ്പെടുന്നു.
ഫ്ളാറ്റ് ഉടമകളെ അനുകൂലിക്കുന്ന വിധം നിയമങ്ങളെയും കോടതി വിധിയെയും വ്യാഖ്യാനിച്ചും വിമർശിച്ചും പ്രസ്താവനകളും ഇറങ്ങുന്നുണ്ട്. ഒരേ നിയമലംഘനത്തിനു വ്യത്യസ്ത വിധിയാണ് ഇറങ്ങിയിട്ടുള്ളതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഫ്ളാറ്റ് ഉടമകളെ അനുകൂലിക്കുന്നവരുടെ ചില വിലയിരുത്തലുകൾ ചുവടെ.
ജലാശയത്തോടു ചേർന്നു കിടക്കുന്ന പ്രദേശത്തു കെട്ടിടങ്ങൾ നിർമിച്ചതു പരിസ്ഥിതിനിയമ ലംഘനമാണെന്നും പാരിസ്ഥിതിക കോട്ടങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി തീരദേശപരിപാലന നിയമപ്രകാരമാണു സുപ്രീംകോടതി ഫ്ളാറ്റുകൾ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ നിലവിലുള്ള ഫ്ളാറ്റുകൾ പൊളിച്ചുമാറ്റിയശേഷം വീണ്ടും ഇവിടെ ഫ്ളാറ്റ് മിർമിക്കാൻ അനുമതി തേടിയാൽ ലഭിക്കുന്ന സാഹചര്യമാണു നിലവിലുള്ളത്. പൊളിച്ചുമാറ്റുന്ന കെട്ടിടാവശിഷ്ടങ്ങളും പുതിയ കെട്ടിട നിർമാണവും വൻ പാരിസ്ഥിതിക നാശമുണ്ടാക്കും.
2005ൽ പഞ്ചായത്തായിരുന്ന സമയത്തു തീരദേശ പരിപാലന മേഖല മൂന്നിലാണു (സിആർസെഡ്-3 ) മരട് പ്രദേശം ഉൾപ്പെട്ടിരുന്നത്. ആ കാലയളവിൽ നദീതീരത്തുനിന്ന് 200 മീറ്ററിനുള്ളിൽ ഒരു കെട്ടിടവും പാടില്ലെന്നു വ്യവസ്ഥയുണ്ടായിരുന്നു. അതു ലംഘിച്ചാണു ഫ്ളാറ്റുകൾ നിർമിച്ചത്. എന്നാൽ ഇപ്പോൾ മരട് നഗരസഭയാണ്. സിആർസെഡ്- മൂന്നിലുണ്ടായിരുന്ന പ്രദേശം നിലവിൽ സിആർസെഡ് രണ്ടിലേക്കു മാറി. ഇതുപ്രകാരം നിയമപരമായ സ്ഥലത്താണു ഫ്ളാറ്റുകൾ നിലവിലുള്ളത്. മരടിലേതുപോലെ സമാനമായ നിയമലംഘനം നടത്തിയ എറണാകുളം ജില്ലയിലെതന്നെ ചിലവന്നൂർ ഡിഎൽഎഫ് ഫ്ളാറ്റ് പിഴ ഈടാക്കി പൊളിച്ചുനീക്കുന്നതിൽനിന്നു സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. മരടിലെ ഫ്ളാറ്റുകൾക്കും ഈ വിധി ബാധകമായിരിക്കേ ഒരേ നിയമലംഘനത്തിനു വ്യത്യസ്ത വിധിയാണു സുപ്രീംകോടതിയിൽനിന്നുണ്ടായത്.
2005 ൽ നിർമാണം പൂർത്തിയാക്കിയ ഗോൾഡൻ കായലോരമടക്കം പൊളിക്കേണ്ട ഫ്ളാറ്റുകൾക്കു 10 വർഷവും അതിൽ കൂടുതലും പഴക്കമുണ്ട്. വർഷമായി ഈ കെട്ടിടങ്ങൾ എല്ലാം ആൾപ്പാർപ്പുള്ളവയും ഭൂനികുതിയും മറ്റും അടച്ചുകൊണ്ടിരിക്കുന്നവയുമാണ്. സർക്കാർ സ്ഥാപനങ്ങൾ അനുമതി നൽകുകയും നികുതി ശേഖരിക്കുകയും ചെയ്യുന്ന കെട്ടിടങ്ങൾ എങ്ങനെ അനധികൃതമാകും? ഇവിടെ പ്രതിസ്ഥാനത്തുള്ളത് കെട്ടിട നിർമാതാക്കളും സർക്കാർ ഉദ്യോഗസ്ഥരുമാണ്. ഫ്ളാറ്റ് ഉടമകൾ തീർത്തും നിരപരാധികളാണ്.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നു രാജ്യത്തെ നീതിന്യായ വ്യവസ്ഥിതി വ്യക്തമാക്കുന്നു.