പിഎസ്സി പരീക്ഷാ ക്രമക്കേട്: ശിവരഞ്ജിത്തിന്റെയും നസീമിന്റെയും അറസ്റ്റ് രേഖപ്പെടുത്തി
Sunday, August 25, 2019 12:25 AM IST
തിരുവനന്തപുരം: പിഎസ്സി സിവിൽ പോലീസ് ഓഫീസർ പരീക്ഷാതട്ടിപ്പു കേസിൽ പ്രതികളായ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. യൂണിവേഴ്സിറ്റി കോളജ് വധശ്രമ കേസിൽ കോളജ് വിദ്യാർഥികളായ ഇരുവരും പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു.
ഗൂഢാലോചന, വിശ്വാസ വഞ്ചന, ഒരേ ഉദ്ദേശ്യത്തോടെ കുറ്റക്യത്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയും സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനുമായ പ്രണവ്, പരീക്ഷാസമയത്ത് സന്ദേശങ്ങൾ ഫോണിലൂടെ നൽകിയ പേരൂർക്കട എസ്എപി ക്യാന്പിലെ പോലീസുകാരൻ ഗോകുൽ, കല്ലറ സ്വദേശി സഫീർ എന്നിവരാണു കേസിലെ മറ്റു പ്രതികൾ. ഇവരെ കണ്ടെത്താനായിട്ടില്ലെന്നു പോലീസ് പറയുന്നത്.
സഫീർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 27നു പരിഗണിക്കും. ഇതിനുശേഷം എല്ലാ പ്രതികളെയും പിടികൂടുമെന്നു ക്രൈംബ്രാഞ്ച് സംഘം പറയുന്നു. പിഎസ്സി പരീക്ഷ നടക്കുന്ന സമയത്ത് ഇവർ യൂണിവേഴ്സിറ്റി കോളജ് പരിസരത്തുണ്ടായിരുന്നു.
പരീക്ഷ തുടങ്ങിയ ശേഷം സംസ്കൃത കോളജിൽ കയറിയിരുന്ന് ഉത്തരം ഫോണ് വഴി നൽകിയെന്നാണു മൊബൈൽ ഫോണ് ടവർ പരിധി പരിശോധിച്ചതിൽ വ്യക്തമായത്. പ്രതികളുടെ, പരീക്ഷാദിവസത്തിന് മുൻപുള്ള മൊബൈൽ ഫോണ് വിവരങ്ങൾ നൽകാൻ സേവനദാതാക്കളോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുവർഷം മുൻപുള്ള വിവരങ്ങളായതിനാൽ ഇവ ലഭിക്കാൻ ഇനിയും സമയമെടുക്കുമെന്നാണു വിവരം.