രാഹുലിന്റെ പിന്നിൽ നിന്നാൽ മതി: കുഞ്ഞാലിക്കുട്ടി
Friday, May 24, 2019 2:29 AM IST
മലപ്പുറം: തനിക്ക് രാഹുൽ ഗാന്ധിയുടെ മുന്നിലാകണമെന്നില്ലെന്നും പിന്നിൽ പോയാൽ മതിയെന്നും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നുകൊണ്ടിരിക്കെ ഇരുവരും വലിയ ഭൂരിപക്ഷത്തിലേക്ക് മുന്നേറുന്നതിനിടെയാണ് മാധ്യമപ്രവർത്തകരോട് കുഞ്ഞാലിക്കുട്ടിയുടെ കമന്റ്.
കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചും വിഭാഗീയത പ്രചരിപ്പിച്ചും യുഡിഎഫിനെ തളർത്താൻ ശ്രമമുണ്ടായി. ഇതിനെയെല്ലാം അതിജീവിക്കാൻ യുഡിഎഫിന് കഴിഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരായ വിധിയെഴുത്താണ് ഉണ്ടായത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടാകാമെന്നു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.