സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ആദ്യദിനം രണ്ട് റിക്കാർഡ്
Tuesday, April 22, 2025 2:23 AM IST
കൊച്ചി: അട്ടിമറികളും മീറ്റ് റിക്കാര്‍ഡുകളും ഉള്‍പ്പെടെ എറണാകുളം മഹാരാജാസ് സിന്തറ്റിക് ട്രാക്കില്‍ ആരംഭിച്ച ദേശീയ ഫെഡറേഷന് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം സംഭവബഹുലം. പുരുഷ വിഭാഗം 1500 മീറ്ററിലും നൂറ് മീറ്ററിലുമാണ് പുതിയ മീറ്റ് റിക്കാർഡ് പിറന്നത്.
100 മീറ്റര്‍ സെമിയില്‍ മീറ്റ് റിക്കാർഡുമായി (10.25) ഫൈനലിലേക്ക് കുതിച്ച കര്‍ണാടകയുടെ മണികണ്ഠ ഹൊബ്ലിദാറിനെ, ഇതേ ഹീറ്റ്സില്‍ മൂന്നാമനായ മഹാരാഷ്ട്രയുടെ പ്രണവ് പ്രമോദ് ഗൗരവ് ഫൈനലില്‍ അട്ടിമറിച്ച് സ്വര്‍ണം നേടി. മണികണ്ഠ ഏഷ്യന്‍ മീറ്റിന് യോഗ്യത നേടിയപ്പോള്‍, പ്രണവിന് യോഗ്യതാ സമയം മറികടക്കാനായില്ല.
വനിതാ വിഭാഗം 100 മീറ്ററില്‍ തെലുങ്കാനയുടെ നിത്യ ഗാന്ധേ സ്വര്‍ണം നേടി.
400 മീറ്ററില്‍ മലയാളി താരങ്ങളായ റിന്‍സി ജോസഫ്, ടി.എസ്. മനു, അമോജ് ജേക്കബ് എന്നിവര്‍ ഫൈനലിന് യോഗ്യത നേടി. ഇന്നാണ് ഫൈനല്‍. 1500 മീറ്റർ വനിതാവിഭാഗത്തില്‍ ആദ്യ രണ്ട് സ്ഥാനക്കാരും പുരുഷ വിഭാഗത്തില്‍ ഒരാളും ഏഷ്യന്‍ മാര്‍ക്ക് പിന്നിട്ടു.
വനിതകളുടെ 1500ല്‍ ഉത്തരാഖണ്ഡിന്റെ ലില്ലി ദാസും (4:10.88) ഹരിയാനയുടെ പൂജയുമാണ് (4:12.56) യഥാക്രമം സ്വര്‍ണവും വെള്ളിയും നേടിയത്. പുരുഷ വിഭാഗത്തില്‍ ഹരിയാന താരം യൂനൂഷ് ഷാ സ്വര്‍ണം നേടി (4:10.88). ഇന്നലെ ആകെ അഞ്ചിനങ്ങളിലായി 17 താരങ്ങളാണ് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മാര്‍ക്ക് മറികടന്നത്. ഇന്ന് പത്തിനങ്ങളിലാണ് ഫൈനല്‍. ചാമ്പ്യന്‍ഷിപ്പ് വ്യാഴാഴ്ച സമാപിക്കും.
മീറ്റ് റിക്കാര്‍ഡോടെ സാവൻ
ആര്‍മിയുടെ സാവന്‍ ബര്‍വാള്‍ 28:57.13 സെക്കന്‍ഡില്‍ 1500 മീറ്ററില്‍ ഫിനിഷ് ചെയ്താണ് മീറ്റ് റിക്കാർഡും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടിക്കറ്റും സ്വന്തമാക്കിയത്. 18 വര്‍ഷം മുമ്പ് കോല്‍ക്കത്തയില്‍ സുരേന്ദ്ര സിംഗ് സ്ഥാപിച്ച 28:57.90 സമയമാണ് മൈക്രോ സെക്കന്‍ഡ് വ്യത്യാസത്തില്‍ സാവന്‍ ബര്‍വാള്‍ മറികടന്നത്.
ജാവലിന്‍ ഏഴു പേര്
ജാവലിന്‍ ത്രോയില്‍ ആദ്യ ഏഴു പേരാണ് ഏഷ്യന്‍ യോഗ്യതാ മാര്‍ക്കായ 75.36 മീറ്റര്‍ മറികടന്നത്. ഉത്തര്‍പ്രദേശിന്റെ സച്ചിന് യാദവ് സ്വര്‍ണം നേടി. അഞ്ചാം ശ്രമത്തിലാണ് താരം സ്വര്‍ണം (83.86) സ്വന്തമാക്കിയത്. റെയില്‍വേയുടെ യശ്വീര് സിംഗ് (80.85) വെള്ളിയും റിലയന്‍സിന്റെ സാഹില്‍ സില്‍വാള്‍ (77.84) വെങ്കലവും നേടി.