സ്വീറ്റീസ്... ഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക്
Monday, February 3, 2025 12:58 AM IST
ക്വാലാലംപുർ: തുടർച്ചയായ രണ്ടാം വട്ടവും ഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ കുമാരിമാർ.
അണ്ടർ 19 ട്വന്റി-20 ലോകകപ്പിനു മറ്റൊരു അവകാശികൾ വേണ്ടെന്നുള്ള പ്രഘോഷണവുമായി ഇന്ത്യൻ സ്വീറ്റീസ് ക്വാലാലംപുരിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ ഒന്‍പതു വിക്കറ്റിനു തകർത്തു. അതും 52 പന്ത് ബാക്കിനിൽക്കേയായിരുന്നു ഇന്ത്യയുടെ ജയം. 2023ൽ അരങ്ങേറിയ പ്രഥമ അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഇത്തവണ ഇംഗ്ലണ്ടിനെ സെമിയിൽ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയത്.
യഥാർഥ ചാന്പ്യന്മാരുടെ കളിയാണ് ടൂർണമെന്റിൽ മുഴുനീളെ ഇന്ത്യൻ പെണ്‍കുട്ടികൾ കാഴ്ചവച്ചതെന്ന് പുരുഷ ഇതിഹാസ ക്രിക്കറ്റർ സച്ചിൻ തെണ്ടുൽക്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടുകയും 33 പന്തിൽ 44 റണ്‍സുമായി പുറത്താകാതെ നിൽക്കുയും ചെയ്ത ഇന്ത്യൻ ഓപ്പണർ ഗോങ്കഡി തൃഷയാണ് പ്ലെയർ ഓഫ് ദ മാച്ച്. ടൂർണമെന്റിൽ ആകെ ഏഴു വിക്കറ്റും സെഞ്ചുറി അടക്കം 309 റണ്‍സും നേടിയ തൃഷതന്നെയാണ് പ്ലെയർ ഓഫ് ദ സീരീസും. അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ചുറിയായിരുന്നു ഗോങ്കഡി തൃഷ, സൂപ്പർ സിക്സിൽ സ്കോട്ലൻഡിന് എതിരായ പോരാട്ടത്തിൽ സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയെ തളച്ചു
ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിന്റെ അവസാന പന്തിൽ പരുണിക സിസോദിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. തുടർന്നു കൃത്യമായ ഇടവേളയിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ സ്പിന്നർമാർക്കു സാധിച്ചു. ഇടംകൈ സ്പിന്നർമാരായ പരുണിക സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഗോങ്കഡി തൃഷയുടെ മൂന്നു വിക്കറ്റ് കൂടിചേർന്നതോടെ ഇന്ത്യൻ സ്പിന്നർമാർ ഒന്‍പതു വിക്കറ്റ് പങ്കിട്ടു. അതോടെ 20 ഓവറിൽ 82 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്ത്.
ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്കു വേണ്ടി തൃഷയ്ക്കൊപ്പം (44 നോട്ടൗട്ട്) മൂന്നാം നന്പറായി ക്രീസിലെത്തിയ സനിക ചാൽക്കെയും (22 പന്തിൽ 26 നോട്ടൗട്ട്) പുറത്താകാതെ നിന്നു. ജി. കമാലിനിയുടെ (8) വിക്കറ്റ് മാത്രമാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്.
വയനാടിന്റെ സ്വന്തം ജോഷിത
ഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് കിരീടത്തിൽ ഇന്ത്യൻ ടീം മുത്തമിട്ടപ്പോൾ അതിന്റെ ഭാഗമായി മലയാളി താരം വി.ജെ. ജോഷിത. 2024 പുരുഷ ട്വന്റി-20 ലോകകപ്പ് നേടിയ ടീമിൽ മലയാളി താരം സഞ്ജു സാംസണ് അംഗമായിരുന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ മറ്റൊരു ലോകകപ്പിലും കേരള സാന്നിധ്യമുണ്ടായത്.
വയനാട് കൃഷ്ണഗിരി വനിതാ ക്രിക്കറ്റ് അക്കാഡമിയിൽനിന്നു വളർന്നുവന്ന ജോഷിത, ഈ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ പ്ലെയർ ഓഫ് ദ മാച്ചുമായിരുന്നു. ഗ്രൂപ്പ് എയിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ അഞ്ചു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തിനായിരുന്നു ഈ പേസ് ബൗളറിനു പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചത്. ഈ ലോകകപ്പിൽ ആറു വിക്കറ്റ് വീഴ്ത്തി. ജോഷിത ഇതിനോടകം 2025 വനിതാ പ്രീമിയർ ലീഗ് ട്വന്റി-20യിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ ഭാഗമായിക്കഴിഞ്ഞു.
ഡൽഹി ക്യാപ്പിറ്റൽസിന്റെ നെറ്റ് ബോളറായിട്ടുണ്ട്. കഴിഞ്ഞ ഏഴു വർഷമായി കൃഷ്ണഗിരി അക്കാഡമിയിലാണ് പരിശീലനം. മിന്നുമണി, സജന സജീവൻ, സി.എം.സി. നജ്ല എന്നിവർക്കു പിന്നാലെ ദേശീയ തലത്തിലേക്കുയർന്ന കൃഷ്ണഗിരിയുടെ താരമാണ് ജോഷിത.
സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിലെ ബിരുദ വിദ്യാർഥിയാണ്. കൽപ്പറ്റ മൈതാനി ഗ്രാമത്തുവയൽ സ്വദേശികളായ വി.ഡി. ജോഷി-ശ്രീജ ദന്പതികളുടെ മകളാണ് ജോഷിത. കൂലിപ്പണിക്കിടയിലും മകളുടെ ക്രിക്കറ്റ് പരിശീലനം മുടങ്ങാതിരിക്കാൻ ശ്രദ്ധിച്ച ജോഷിയും ശ്രീജയുമാണ് ജോഷിതയുടെ ലോകകപ്പ് നേട്ടത്തിന്റെ പിന്നിലെ യഥാർഥ ശക്തി.