മാഞ്ചസ്റ്റർ സിറ്റിയെയും തകർത്ത് ലിവർപൂളിന്റെ കുതിപ്പ്
Tuesday, December 3, 2024 12:09 AM IST
ലിവർപൂൾ: ക്ലബ് ഫുട്ബോൾ ലോകത്തെ വന്പന്മാരെ വീഴ്ത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗ് സൂപ്പർ ടീമായ ലിവർപൂൾ എഫ്സിയുടെ പടയോട്ടം.
പുതിയ പരിശീലകൻ അർനെ സ്ലോട്ടിന്റെ ശിക്ഷണത്തിനു കീഴിൽ കരുത്തരായ എതിരാളികളെ ഒന്നൊന്നായി വീഴ്ത്തി ‘ദ റെഡ്സ് ’ കുതിക്കുന്നു. ഏറ്റവും ഒടുവിലായി പ്രീമിയർ ലീഗിലെ 13-ാം റൗണ്ട് പോരാട്ടത്തിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെത്തന്നെ സ്ലോട്ടിന്റെ ചെന്പട വീഴ്ത്തി.
അതോടെ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ (25) ഒന്പതു പോയിന്റ് മുന്നിലായി ലിവർപൂൾ (34).
ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ കോഡി ഗാക്പൊ (12’), മുഹമ്മദ് സല (78’ പെനാൽറ്റി) എന്നിവരുടെ ഗോളുകളിലായിരുന്നു ലിവർപൂൾ 2-0നു മാഞ്ചസ്റ്റർ സിറ്റിക്ക് എതിരേ ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ലിവർപൂളിനായിരുന്നു ആധിപത്യം. 39-ാം മിനിറ്റിൽ മാത്രമായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യത്തെ ഷോട്ട് ഓണ് ഗോൾ തൊടുക്കാൻ സാധിച്ചത്. അപ്പോഴേക്കും ലിവർപൂൾ ഒന്പത് ഷോട്ട് പായിച്ചു, അതിൽ രണ്ടെണ്ണം വന്പൻ ചാൻസ് ആയിരുന്നു. 1.53 ആയിരിന്നു അപ്പോൾ ലിവർപൂളിന്റെ എക്സ്പെറ്റഡ് ഗോൾ (xG) റേഷ്യോ.
പെപ്പിന്റെ ഭാവി
മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നിട്ടുണ്ട്. 2024-25 പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ നാലാം തോൽവി വഴങ്ങിയതോടെയാണിത്. പെപ്പിന്റെ പരിശീലക കരിയറിൽ ആദ്യമായാണ് തുടർച്ചയായ നാലു ലീഗ് മത്സരങ്ങളിൽ തോൽവി വഴങ്ങുന്നത്.
2008നുശേഷം ആദ്യമായാണ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായി നാലു മത്സരങ്ങളിൽ തലകുനിക്കുന്നതെന്നതും വാസ്തവം. മോശം ഫോം തുടർന്നാൽ സിറ്റിയുടെ പരിശീലക സ്ഥാനത്തുനിന്ന് ഇറങ്ങുമെന്നു ലിവർപൂളിനെതിരേയ മത്സരത്തിനു മുന്പ് പെപ് പറഞ്ഞിരുന്നു.
ലിവർപൂൾ എപ്പോഴും പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങൾക്കു മുന്നിൽ കീഴടങ്ങാത്ത ക്ലബ്ബാണെന്നതും മറ്റൊരു ചരിത്രം. വിവിധ പോരാട്ടങ്ങളിലായി പെപ് ഗ്വാർഡിയോള ലിവർപൂളിനെതിരേ 23 മത്സരങ്ങൾക്കു ടീമിനെ ഇറക്കി. അതിൽ ആറു ജയം മാത്രമാണുള്ളത്. ചെന്പടയ്ക്കെതിരേ പെപ്പിന്റെ പരിശീലന വിജയ ശതമാനം 26 മാത്രമാണ്.
90: സ്ലോട്ട് വിജയ ശതമാനം
യർഗൻ ക്ലോപ്പിന്റെ പിൻഗാമിയായാണ് ഡച്ചുകാരനായ അർനെ സ്ലോട്ട് ലിവർപൂൾ മാനേജർ സ്ഥാനത്ത് എത്തുന്നത്. സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെ 20 കളികൾ സ്ലോട്ടിന്റെ ശിക്ഷണത്തിൽ ലിവർപൂൾ ഇതുവരെ കളിച്ചു. 18 ജയം നേടി, ഒരു സമനിലയും ഒരു തോൽവിയും. വിജയ ശതമാനം 90.
ജൂലൈയിൽ സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിനെതിരേ സൗഹൃദ മത്സരത്തിൽ ജയം (1-0) നേടിയാണ് സ്ലോട്ടിന്റെ ലിവർപൂൾ കരിയർ ആരംഭിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് (3-0), എസി മിലാൻ (3-1), ചെൽസി (2-1), റയൽ മാഡ്രിഡ് (2-0) തുടങ്ങിയ വന്പൻ ടീമുകൾ ഇതിനോടകം സ്ലോട്ടിന്റെ ലിവർപൂളിനു മുന്നിൽ തലകുനിച്ചു. പ്രീമിയർ ലീഗിൽ 13 മത്സരങ്ങളിൽനിന്ന് 34 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുകയാണ് ലിവർപൂൾ. ആഴ്സണൽ (25), ചെൽസി (25), ബ്രൈറ്റണ് (23), മാഞ്ചസ്റ്റർ സിറ്റി (23) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
100% ബെല്ലിങ്ഗം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിനു ജയം. ഹോം മത്സരത്തിൽ റയൽ 2-0നു ഗെറ്റാഫെയെ കീഴടക്കി. ജൂഡ് ബെല്ലിങ്ഗം (30’ പെനാൽറ്റി), കിലിയൻ എംബപ്പെ (38’) എന്നിവരായിരുന്നു റയലിന്റെ ഗോൾ നേട്ടക്കാർ. ജൂഡ് ബെല്ലിങ്ഗമിന്റെ പെനാൽറ്റി കിക്ക് വിജയ ശതമാനം 100 ആയി തുടരുന്നു. കരിയറിൽ ഇതുവരെ നാലു പെനാൽറ്റി കിക്ക് എടുത്തതിൽ നാലും ഗോളാക്കി മാറ്റാൻ ഇംഗ്ലീഷ് താരത്തിനു സാധിച്ചു.
മറ്റു മത്സരങ്ങളിൽ റയൽ സോസിഡാഡ് 2-0നു റയൽ ബെറ്റിസിനെയും ബിൽബാവൊ 2-1നു വയ്യക്കാനോയെയും തോൽപ്പിച്ചു. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള (15 മത്സരങ്ങളിൽ 34 പോയിന്റ്) വ്യത്യാസം റയൽ മാഡ്രിഡ് (14 മത്സരങ്ങളിൽ 33 പോയിന്റ്) ഇതോടെ ഒന്നാക്കി കുറച്ചു. അത്ലറ്റിക്കോ മാഡ്രിഡാണ് (32) മൂന്നാം സ്ഥാനത്ത്.