100% ലെവൻ പുലി...
Thursday, November 28, 2024 1:54 AM IST
ബാഴ്സലോണ: പോളിഷ് സ്ട്രൈക്കർ ലെവൻഡോവ്സ്കി അപൂർവനേട്ടത്തിൽ. യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ 100 ഗോൾ ക്ലബ്ബിൽ ഇടംപിടിക്കുന്ന മൂന്നാമത് കളിക്കാരൻ എന്ന നേട്ടം സ്പാനിഷ് സൂപ്പർ ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്കുവേണ്ടി കളിക്കുന്ന ലെവൻഡോവ്സ്കി സ്വന്തമാക്കി.
സ്വന്തം തട്ടകത്തിൽ ബാഴ്സലോണ 3-0നു ബ്രെസ്റ്റിനെ കീഴടക്കിയപ്പോൾ രണ്ടു ഗോൾ ലെവന്റെ വകയായിരുന്നു.
യുവേഫ ചാന്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (140), ലയണൽ മെസി (129) എന്നിവർക്കുശേഷം 100 ഗോൾ തികയ്ക്കുന്ന മൂന്നാമനാണ് ലെവൻഡോവ്സ്കി (101).
മാഞ്ചസ്റ്റർ സിറ്റി പെട്ടു
സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ഇറങ്ങിയ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ ഡച്ച് ക്ലബ്ബായ ഫെയ്നോർഡ് റോട്ടർഡാം 3-3 സമനിലയിൽ തളച്ചു. സിറ്റിക്കുവേണ്ടി എർലിംഗ് ഹാലണ്ട് (44’ പെനാൽറ്റി, 53’) ഇരട്ട ഗോൾ നേടിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാൻ സാധിച്ചില്ല. 3-0ന്റെ ലീഡ് നേടിയശേഷമായിരുന്നു സിറ്റി സമനിലയിൽ കുടുങ്ങിയത്.
ബയേണ്‍ മ്യൂണിക് ഹോം മാച്ചിൽ 1-0നു ഫ്രഞ്ച് കരുത്തരായ പിഎസ്ജിയെ കീഴടക്കി. ആഴ്സണൽ 5-1നു പോർച്ചുഗലിൽനിന്നുള്ള സ്പോർട്ടിംഗ് സിപിയെ തകർത്തു. സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് 6-0നു സ്പാർട്ട പ്രാഗിനെയും ഇറ്റാലിയൻ ക്ലബ് അത്ലാന്ത 6-1നു യംഗ് ബോയ്സിനെയും നിലംപരിശാക്കി.
13 പോയിന്റുള്ള ഇന്റർ മിലാനാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ബാഴ്സലോണ (12), ലിവർപൂൾ (12), അത്ലാന്ത (11), ലെവർകൂസെൻ (10) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബയേണ്‍ മ്യൂണിക്ക് (9) 11-ാമതും മാഞ്ചസ്റ്റർ സിറ്റി (8) 15-ാമതും പിഎസ്ജി (4) 26-ാം സ്ഥാനത്തുമാണ്.