ചാന്പ്യൻസ് ലീഗിൽ റയലിനെ വീഴ്ത്തി ലിവർപൂൾ
Friday, November 29, 2024 1:51 AM IST
ലിവർപൂൾ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ റയൽ മാഡ്രിഡിനെ തകർത്ത് ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ എഫ്സിയുടെ വന്പ്. ‘ദ റെഡ്സ്’ എന്നറിയപ്പെടുന്ന ലിവർപൂൾ ഹോം മത്സരത്തിൽ 2-0നു റയൽ മാഡ്രിഡിനെ കീഴടക്കി.
2009നുശേഷം ആദ്യമായാണ് ലിവർപൂൾ റയലിനെതിരേ യൂറോപ്യൻ പോരാട്ടത്തിൽ ജയം നേടുന്നത്. അവസാനം ഇരുടീമും നേർക്കുനേർ ഇറങ്ങിയ എട്ടു മത്സരങ്ങളിൽ ഏഴിലും ലിവർപൂൾ പരാജയപ്പെട്ടു. അതിന്റെയെല്ലാം കണക്കു തീർത്തായിരുന്നു ആൻഫീൽഡിൽ ചെന്പടയുടെ ജയം.
അലക്സിസ് മക് അല്ലിസ്റ്റർ (52’), കോഡി ഗാക്പൊ (76’) എന്നിവരായിരുന്നു ലിവർപൂളിന്റെ ഗോൾ നേട്ടക്കാർ. 61-ാം മിനിറ്റിൽ റയലിന്റെ കിലിയൻ എംബപ്പെയും 70-ാം മിനിറ്റിൽ ലിവർപൂളിന്റെ മുഹമ്മദ് സലയും പെനാൽറ്റി നഷ്ടപ്പെടുത്തി.
ഡോർട്ട്മുണ്ട് 3-0നു ഡൈനാമോ സാഗ്രേബിനെയും ലില്ല 2-1നു ബൊലോഗ്നയെയും ബെൻഫിക 3-2നു മൊണാക്കോയെയും കീഴടക്കി. ആസ്റ്റണ്‍ വില്ലയും യുവന്റസും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
100% ലിവർപൂൾ
പുതിയ ഫോർമാറ്റിൽ അരങ്ങേറുന്ന യുവേഫ ചാന്പ്യൻസ് ലീഗിൽ അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ 100 ശതമാനം ജയമുള്ള ഏക ടീമാണ് ലിവർപൂൾ. 15 പോയിന്റുമായി ലിവർപൂൾ ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. തുടർച്ചയായ അഞ്ചു ജയത്തോടെ പ്ലേ ഓഫ് ലിവർപൂൾ ഉറപ്പിച്ചു. പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമുമായി ലിവർപൂൾ.
ഇന്റർ മിലാൻ (13), ബാഴ്സലോണ (12), ഡോർട്ട്മുണ്ട് (12) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. റയൽ മാഡ്രിഡ് ആറു പോയിന്റുമായി 24-ാം സ്ഥാനത്താണ്.
ടേബിളിൽ ആദ്യ എട്ടു സ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിൽ പ്രവേശിക്കും. ഒന്‍പതു മുതൽ 24വരെയുള്ളവർ പ്ലേ ഓഫ് നോക്കൗട്ടിലൂടെ പ്രീക്വാർട്ടർ ബെർത്തിനായി പോരാടും.