ടൈസണ്‍ x പോൾ ബോക്സിംഗ് രാവിലെ 6.30ന്
Saturday, November 16, 2024 12:05 AM IST
ടെക്സസ്: ഹെവിവെയ്റ്റ് ബോക്സിംഗ് ലോകത്തിലെ വെടിക്കെട്ട് ഇടിമുഴക്കം ഇന്ന് അമേരിക്കയിലെ ടെക്സസിൽ. ഹെവിവെയ്റ്റ് ബോക്സിംഗ് ഇതിഹാസം മൈക്കിൽ ടൈസണും നടനും യുട്യൂബറും ബോക്സറുമായ ജെയ്ക് പോളും തമ്മിലുള്ള മില്യണ്‍ ഡോളർ ഇടി ഇന്ത്യൻ സമയം ഇന്നു രാവിലെ 6.30ന് നടക്കും.
ബോക്സിംഗ് ലോകത്തിലെ ഗ്ലാമർ പോരാട്ടമായി വിശേഷിപ്പിക്കുന്ന ഈ പോരാട്ടം നെറ്റ്ഫ്ളിക്സിലൂടെ തത്സമയം കാണാം. അന്‍പത്തെട്ടുകാരനായ ടൈസണും ഇരുപത്തേഴുകാരനായ പോളും ബോക്സിനു മുന്‍പായുള്ള അവസാനവട്ട മുഖാമുഖം ഇന്നലെ നടന്നു.
പോളിന്റെ മുഖത്തടിച്ച് ടൈസണ്‍
ഇന്നു നടക്കുന്ന സൂപ്പർ പോരാട്ടത്തിനു മുന്നോടിയായി ഇന്നലെ ഇരുവരും മാധ്യമങ്ങൾക്കു മുന്നിലെത്തിയപ്പോൾ ജെയ്ക് പോളിന്റെ മുഖത്ത് മൈക്ക് ടൈസണ്‍ കൈവച്ചു. നാലു കാലിൽ അരികിലേക്കെത്തിയ പോളിന്റെ മുഖത്ത് ടൈസണ്‍ അടിക്കുകയായിരുന്നു.
ടൈസണെയും പോളിനെയും സുരക്ഷാ ജീവനക്കാർ പിടിച്ചുമാറ്റി രംഗം ശാന്തമാക്കി. മുഖത്തടിച്ചതിന്റെ ഫീൽ ഒന്നും തോന്നിയില്ലെന്നായിരുന്നു ഉടൻതന്നെ പോൾ പ്രതികരിച്ചത്. ഭാരം നോക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ലോക ഹെവിവെയ്റ്റ് മുൻ ചാന്പ്യനായ ടൈസണിന്റെ തൂക്കം 103.6 കിലോഗ്രാമും ജെയ്ക് പോളിന്റേത് 103 കിലോഗ്രാമുമാണ്.
60 മില്യണിന്റെ ഇടി
ഹെവിവെയ്റ്റ് മത്സരങ്ങളുടേതുപോലെ മൂന്നു മിനിറ്റ് ദൈർഘ്യമുള്ള റൗണ്ടുകളല്ല ടൈസണ്‍ x പോൾ പോരാട്ടത്തിലുണ്ടാകുക. രണ്ട് മിനിറ്റ് വീതമുള്ള എട്ട് റൗണ്ട് ഇടി അരങ്ങേറും. സാധാരണയിലേതിലും നാലു കിലോഗ്രാം അധികമുള്ള ഗ്ലൗസ് ആയിരിക്കും ഇരുവരും അണിയുക. കൂടുതൽ സുരക്ഷയ്ക്കുവേണ്ടിയാണിത്.
60 മില്യണ്‍ ഡോളറാണ് (506.61 കോടി രൂപ) ഈ പോരാട്ടത്തിന്റെ ആകെയുള്ള പ്രതിഫലം. ഇതിൽ 20 മില്യണ്‍ ഡോളർ (168.86 കോടി രൂപ) ടൈസണിനു ലഭിക്കും. ടൈസണിനേക്കാൾ 31 വയസ് ഇളയതാണ് പോൾ.
19 വർഷത്തിനുശേഷം
ടൈസണ്‍ 19 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഹെവിവെയ്റ്റ് ഇടിക്കൂട്ടിൽ എത്തുന്നത്. 1987-1990 കാലഘട്ടത്തിൽ ഹെവിവെയ്റ്റ് ലോകത്തിൽ ടൈസണ്‍ ആയിരുന്നു സൂപ്പർ ഹീറോ. 58 പ്രഫഷണൽ പോരാട്ടങ്ങളിൽ 50ലും ടൈസണ്‍ ആണു ജയിച്ചത്. ആറ് എണ്ണത്തിൽ പരാജയപ്പെട്ടപ്പോൾ രണ്ടു പോരാട്ടം സമനിലയിൽ കലാശിച്ചു. 2005ലായിരുന്നു ടൈസണ്‍ അവസാനമായി പ്രഫഷണൽ ബോക്സിംഗ് നടത്തിയത്.
ജെയ്ക് പോൾ 11 പ്രഫഷണൽ ബോക്സിംഗിൽ ഇതുവരെ പങ്കാളിയായി. അതിൽ പത്തിലും ജയിച്ചു. ഇംഗ്ലീഷ് ബോക്സറായ ടോമി ഫ്യൂരിക്കു മുന്നിലായിരുന്നു ഈ അമേരിക്കൻ ബോക്സറിന്റെ ഏക തോൽവി.
ആറു വർഷം മുന്‍പ് പ്രഫഷണൽ ബോക്സിംഗ് റിംഗിലെത്തിയ പോളിന്റെ ആദ്യ ഹെവിവെയ്റ്റ് പോരാട്ടമാണിത്. ഫോബ്സ് പുറത്തിറക്കിയ യുട്യൂബ് ക്രിയേറ്റർമാരിലെ സന്പന്നരുടെ പട്ടികയിൽ നാലു വർഷം (2017, 2018, 2021, 2023) ഒന്നാമനായിരുന്നു പോൾ.