വൻ നിക്ഷേപത്തിന് മൈക്രോസോഫ്റ്റ്
Tuesday, January 7, 2025 11:03 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്. ക്ലൗഡ് കന്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ വിപുലീകരണം ലക്ഷ്യമിട്ട് അടുത്ത രണ്ടു വർഷത്തിൽ മൂന്നു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 25700 കോടി രൂപ) നിക്ഷേപം നടത്തുമെന്ന് സിഇഒ സത്യ നാദെല്ല അറിയിച്ചു.
2030-ഓടെ ഇന്ത്യയിൽ ഒരു കോടിയോളം ആളുകളെ എഐ നൈപുണ്യത്തിൽ പരിശീലിപ്പിക്കുമെന്നും നാദെല്ല പറഞ്ഞു. നിക്ഷേപത്തിനൊപ്പം പുതിയ ഡേറ്റ സെന്ററുകളും രാജ്യത്ത് സ്ഥാപിക്കും. നിലവിൽ മൈക്രോസോഫ്റ്റിന് ഇന്ത്യയിൽ മൂന്നു ഡേറ്റ സെന്റർ മേഖലകകളുണ്ട്. നാലാമത്തേത് അടുത്ത വർഷത്തോടെ സ്ഥാപിതമാകും.
പരിശീലന സംരംഭം മൈക്രോസോഫ്റ്റിന്റെ ഗ്ലോബൽ സ്കിൽസ് ഫോർ സോഷ്യൽ ഇംപാട്ക്ട് ചാർട്ടറിന്റെ ഭാഗമാണ്. ഈ പരിശീലനങ്ങൾ സർക്കാരിന്റെ, എൻജിഒകൾ, കമ്യൂണിറ്റികൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നൽകുന്നത്.
2024 ഫെബ്രുവരിയിൽ നാദെല്ല ഇന്ത്യ സന്ദർശിച്ചപ്പോൾ, 2025-ഓടെ രാജ്യത്തെ ഇരുപത് ലക്ഷം ആളുകൾക്ക് എഐ നൈപുണ്യത്തിൽ പരിശീലനത്തനുള്ള അവസരങ്ങൾ കന്പനി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിൽ പങ്കെടുത്തവരിൽ 65 ശതമാനവും വനിതകളും ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ളവരുമായിരുന്നു.
ഇന്ത്യയിൽ നടക്കുന്ന മൂന്നു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം രാജ്യത്തെ ഏറ്റവും വലിയ വിപുലീകരണമായിരിക്കുമെന്ന് നാദെല്ല പറഞ്ഞു. മൈക്രോസോഫ്റ്റ് അതിന്റെ ക്ലൗഡ് കന്പ്യൂട്ടിംഗ് സേവനങ്ങൾ അസുർ ബ്രാൻഡ് നാമത്തിലാണ് നൽകുന്നത്. 300-ലധികം ഡാറ്റാ സെന്ററുകൾ അടങ്ങുന്ന 60-ലധികം അസൂർ മേഖലകളുണ്ട്.
രാജ്യത്തുടനീളം പുതിയ അവസരങ്ങൾ തുറന്ന് എഐ നവീകരണത്തിൽ ഇന്ത്യ അതിവേഗം കുതിക്കുകയാണ്. ഇൻഫ്രാസ്ട്രക്ചറിലും നൈപുണ്യത്തിലും ഉള്ള നിക്ഷേപങ്ങൾ ഇന്ത്യയെ എഐയിൽ ഒന്നാമതാക്കും. കൂടാതെ രാജ്യത്തുടനീളമുള്ള ആളുകൾക്കും സ്ഥാപനങ്ങൾക്കും വിശാലമായ പ്രയോജനം ഉറപ്പാക്കാൻ ഇത് സഹായിക്കും.-നാദെല്ല വ്യക്തമാക്കി.