ഒസാമു സുസുക്കി; മാരുതി 800ന്റെ ശില്പി
Saturday, December 28, 2024 12:08 AM IST
സുസുക്കിയെ ആഗോളബ്രാന്‍ഡാക്കി വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് കഴിഞ്ഞദിവസം അന്തരിച്ച ഒസാമു സുസുക്കി. മാരുതി ഉദ്യോഗിന് പുറമെ, ജനറല്‍ മോട്ടോര്‍സ്, ഫോക്സ്വാഗൺ കമ്പനികളുമായും ചേര്‍ന്ന് കാറുകള്‍ പുറത്തിറക്കി.
ഒസാമുവിന്റെ കാലത്താണ് മാരുതി സാധാരണക്കാർക്കുവേണ്ടി ചെറുകാറുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമുവിന്റെ കാലത്താണ്.1982ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച സുസുക്കി, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളിലൊന്നായി മാറി. മാരുതി 800 എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓൾട്ടോയിൽനിന്നായിരുന്നു മാരുതി 800ന്റെ ജനനം.
1958ൽ സുസുക്കി മോട്ടോര്‍സില്‍
മധ്യ ജപ്പാനിലെ ജിഫിയില്‍ 1930ല്‍ ജനിച്ച ഒസാമ സുസുകി 1958ലാണ് സുസുക്കി മോട്ടോര്‍സില്‍ ചേരുന്നത്. 1963ൽ അദ്ദേഹം ഡയറക്ടർ സ്ഥാനത്തെത്തി. ജൂണിയർ, സീനിയർ തസ്തികകളിലേക്കുള്ള ചവിട്ടുപടികൾകൂടി പിന്നിട്ട് 1978ൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി. 2000ത്തിൽ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. സുസുകി കമ്പനിയുടെ തലപ്പത്ത് 40 വര്‍ഷത്തോളം തുടര്‍ന്ന ഒസാമു 2021ലാണ് സ്ഥാനമൊഴിയുന്നത്. ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞശേഷവും കമ്പനിയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
സുസുക്കിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യൻ വിപണിയിലേക്കുള്ള ഈ രംഗപ്രവേശത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ഒസാമുവായിരുന്നു. 1982ലാണ് ഇന്ത്യൻ സർക്കാരുമായി സുസുക്കി കരാർ ഒപ്പിട്ടതും മാരുതി ഉദ്യോഗ് ലിമിറ്റഡ് പിറന്നതും. അത്തരത്തിൽ നോക്കിയാൽ ഇന്ത്യയുടെ വാഹനലോകത്തെ തന്നെ മാറ്റിമറിച്ച ഒരു അതികായന്റെ ഓർമകളാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ ബാക്കിയാകുന്നതും.
ദത്തുപുത്രനായി എത്തി
സുസുക്കി വ്യവസായ സാമ്രാജ്യം പേരിനൊപ്പമുണ്ടെങ്കിലും ആ കുടുംബത്തിലെ ദത്തുപുത്രനാണ് ഒസാമു. 1930ൽ ജപ്പാനിലെ ജിറോ നഗരത്തിലായിരുന്നു ജനനം. പഠനത്തിനുശേഷം ബാങ്ക് ജീവനക്കാരനായി ഔദ്യോഗികജീവിതം തുടങ്ങി. സുസുക്കി സ്ഥാപകൻ മിഷിയോ സുസുക്കിയുടെ പേരക്കുട്ടിയായ ഷോകോ സുസുക്കിയെ വിവാഹം കഴിച്ചതോടെയാണ് ഒസാമു, സുസുക്കി കുടുംബത്തിന്റെ ഭാഗമാകുന്നത്.
വ്യവസായ പാരമ്പര്യത്തിന് അനന്തരാവകാശിയാകാൻ കുടുംബത്തിൽ ആൺകുട്ടികളില്ലാതിരുന്നതിനാൽ ഒസാമുവിന്റേത് ദത്തെടുക്കൽ വിവാഹമായിരുന്നു. അങ്ങനെ ജാപ്പനീസ് ആചാരമനുസരിച്ച് ഭാര്യയുടെ കുടുംബപ്പേരായ സുസുക്കി, ഒസാമുവിന്റെ പേരിനൊപ്പം ചേർന്നു; വൈകാതെ സുസുക്കി എന്ന വാഹനസാമ്രാജ്യവും.
സാധാരണക്കാരന്റെ കാർ
ഒസാമുവിന്റെ കാലത്താണ് സാധാരണക്കാർക്കുവേണ്ടിയുള്ള ചെറുകാറുകളിൽ മാരുതി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. സുസുക്കിയുടെ ജപ്പാനിലെ ജനപ്രിയ മോഡൽ ഓൾട്ടോയുടെ പുറത്തിറക്കലും ഒസാമുവിന്റെ നേതൃത്വത്തിലായിരുന്നു. എഴുപതുകളിൽ ടൊയോട്ടയുമായി സഹകരിച്ച് ചെറുകാറുകളുടെ എൻജിൻ നിർമിക്കാനുള്ള തീരുമാനം സുസുക്കിയുടെ വിജയചരിത്രത്തിന്റെ വഴിത്തിരിവായി. ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴക്കപ്പെടുന്നത് മാരുതിയുടെ ചെറുകാറുകളാണ്.
ജീവനക്കാർക്ക് കാന്റീൻ
ഒസാമുവിന്റെ ചെലവുചുരുക്കൽ രീതിയും പ്രശസ്തമായിരുന്നു. ഒരു ദിവസം ഫാക്ടറി പരിശോധന പൂർത്തിയാക്കി തിരിച്ചുപോകുമ്പോൾ ഫാക്ടറിയിലെ 1900 ബൾബുകൾ ഉടൻ നീക്കണമെന്ന അമ്പരപ്പിക്കുന്നൊരു നിർദേശം കമ്പനി മേധാവി നൽകി.
അത്തവണത്തെ വൈദ്യുതി ബില്ലിൽ അതിലൂടെ മാത്രം 40,000 യുഎസ് ഡോളർ കുറയ്ക്കാനായി! ഓപ്പൺ പ്ലാൻ ഓഫീസുകൾ, കോമൺ കാന്റീൻ, ജീവനക്കാർക്ക് യൂണിഫോം തുടങ്ങിയവ അദേഹത്തിന്റെ നിർദേശങ്ങളായിരുന്നു. ഒറ്റ ദിവസത്തെ ഫാക്ടറി പരിശോധനയിലൂടെ അനാവശ്യ ചെലവുകളുടെ ഇനത്തിൽ മാത്രം 215 കാര്യങ്ങളാണ് അദ്ദേഹം കണ്ടെത്തി തിരുത്തിയത്!