എസ്ബിഐ പലിശനിരക്ക് ഉയർത്തി
Saturday, November 16, 2024 12:05 AM IST
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വിവിധ വായ്പകളുടെ പലിശ നിരക്ക് ഉയർത്തി. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റിലാണ് (എംസിഎൽആർ) മാറ്റം വരുത്തിയിരിക്കുന്നത്.
അഞ്ച് ബേസിസ് പോയിന്റിന്റെ വർധനവാണ് വരുത്തിയത്. മൂന്ന് മാസം, ആറുമാസം, ഒരു വർഷം വരെ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്കാണ് വർധിക്കുക. ഇന്നലെ മുതൽ (നവംബർ 15) ഡിസംബർ 15 വരെയുള്ള കാലയളവിൽ എടുക്കുന്ന വായ്പകൾക്കാണ് ഇത് ബാധകമാകുക.
ഇന്നലെ മുതൽ നിരക്ക് പ്രാബ ല്യത്തിൽ വന്നു. ഭവന, വാഹന വായ്പ തുടങ്ങിയ റീട്ടെയിൽ വായ്പകൾ എംസിഎൽആർ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതാണ്. പുതിയ നിരക്കനുസരിച്ച് ഇത്തരം വായ്പകളെടുത്തവരുടെ പ്രതിമാസ തവണകളിൽ വർധനവുണ്ടാകും.
മൂന്നു മാസം കാലാവധിയുള്ള വായ്പയുടെ എംസിഎൽആർ നിരക്ക് 8.50 ശതമാനത്തിൽ നിന്ന് 8.55 ശതമാനമായാണ് വർധിപ്പിച്ചത്. ആറുമാസം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.85 ശതമാനത്തിൽ നിന്ന് 8.90 ശതമാനമായാണ് ഉയർത്തിയത്. ഒരു വർഷത്തെ പലിശകൾക്ക് 8.95 ശതമാനത്തിൽനിന്ന് ഒന്പത് ശതമാനവുമായി ഉയർന്നു. എന്നാൽ മറ്റ് കാലയളവുകളിലുള്ള എംസിഎൽആർ നിരക്കുകളിൽ മാറ്റമില്ല. രണ്ടു വർഷ കാലവളവുള്ള വായ്പകൾക്കു 9.05 ശതമാനവും മൂന്നു വർഷത്തെ വായ്പകൾക്ക് 9.10 ശതമാനവുമാണ്. എസ്ബിഐയുടെ ഒരു മാസത്തെ എംസിഎൽആർ നിരക്ക് 8.20 ശതമാനമാണ്. ബാങ്ക് നൽകുന്ന ഏറ്റവും കുറഞ്ഞ വായ്പാനിരക്കാണ് എംസിഎൽആർ നിരക്ക്.
ബാങ്കിന്റെ പുതുക്കിയ എംസിഎൽആർ നിരക്ക് ഭവന വായ്പ പോലുള്ള വായ്പകൾ കൂടുതൽ ചെലവേറിയതാകുമെന്നാണ് വ്യക്തമാക്കുന്നത്. ഈ വർധനവ് പ്രതിമാസ തവണകളും ചെറിയ രീതിയിൽ ഉയർത്തും. എസ്ബിഐയുടെ പാത മറ്റ് ബാങ്കുകളും പിന്തുടർന്നാൽ കടമെടുപ്പ് ചെലവേറിയതാക്കും.
പുതിയ നിരക്ക് വാഹന വായ്പ പോലുള്ള ഒരു വർഷത്തെ എംസിഎൽആറുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ വായ്പകളെയും ബാധിക്കും. എന്നാൽ എസ്ബിഐയുടെ വ്യക്തിഗത വായ്പ നിരക്കുകൾ രണ്ടു വർഷത്തെ എംസിഎൽആറുമായി ബന്ധപ്പെട്ടിരിക്കുന്നു. സിബിൾ സ്കോറിനെ അടിസ്ഥാനമാക്കി പലിശ നിരക്ക് വ്യത്യാസപ്പെടും.
എംസിഎൽആർ
വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നിർണയിക്കാൻ ബാങ്കുകളെ സഹായിക്കുന്നതിന് ആർബിഐ നിശ്ചയിച്ചിട്ടുള്ള ഒരു മാനദണ്ഡമാണ് എംസിഎൽആർ. 2016ലാണ് എംസിഎൽആർ സംവിധാനം അവതരിപ്പിച്ചത്.
നിക്ഷേപങ്ങളുടെ ചെലവ്, പ്രവർത്തനച്ചെലവ്, ബാങ്കിന്റെ ലാഭവിഹിതം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ എംസിഎൽആർ കണക്കാക്കുന്നത്.