സ്വിഫ്റ്റ് ഡിസയര്‍ ; ഭംഗിയും ഒപ്പം ഫൈവ് സ്റ്റാർ സുരക്ഷയും
Saturday, November 16, 2024 12:05 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
സുരക്ഷയുടെ കാര്യത്തില്‍ ഫൈവ്സ്റ്റാര്‍ റേറ്റിംഗ്, സണ്‍ റൂഫ്, 360 ഡിഗ്രി കാമറ. പറഞ്ഞുവരുന്നത് നാലാം തലമുറയിലേക്ക് ചുവടുവച്ചിരിക്കുന്ന സ്വി ഫ്റ്റ് ഡിസയറിനെക്കുറിച്ചാണ്.
ഒന്നര പതിറ്റാണ്ടായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന ആദ്യ അഞ്ച് വാഹനങ്ങളുടെ പട്ടികയില്‍ ഡിസയറുമുണ്ട്. സെഡാന് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വില്പന ഉള്ള വാഹനമാണ് ഡിസയര്‍. അടിമുടി മാറ്റം എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന തരത്തിലാണ് പുതിയ ഡിസയര്‍.
ഫൈവ് സ്റ്റാർ
2008ലാണ് ആദ്യമായി മാരുതി സുസുക്കി ഡിസയറിനെ അവതരിപ്പിക്കുന്നത്. നിരവധി പുതുമകളോടെയാണ് നാലാം തലമുറ ഡിസയർ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. ഈ സെഗ്മെന്റില്‍ ആദ്യമായി സണ്‍റൂഫ് എന്ന പ്രത്യേകതയുമുണ്ട്.
മുതിര്‍ന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ ഫൈവ് സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാറും റേറ്റിംഗ് നേടിയാണ് ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ വിജയക്കൊടി പാറിച്ചത്.
ഫൈവ് സ്റ്റാര്‍ റേറ്റിംഗോടെ ക്രാഷ് ടെസ്റ്റിനെ അതിജീവിച്ച ആദ്യ മാരുതി സുസുക്കി വാഹനം എന്ന ഖ്യാതിയും ഡിസയറിനെ കൂടുതല്‍ മികവുറ്റതും ജനപ്രിയവുമാ ക്കുന്നു. ആറ് എയര്‍ബാഗുകളും പെഡസ്ട്രിയന്‍ പ്രൊട്ടെക്ഷനും പുതിയ ഡിസയറിലുണ്ട്.
സെഗ്മെന്റില്‍ ആദ്യമായി 360 ഡിഗ്രി കാമറ പുതിയ മോഡലിനെ വേറിട്ടതാക്കുന്നു. ടാറ്റാ ടിഗോര്‍, ഹോണ്ട അമേസ്, ഹ്യുണ്ടായ് ഓറ എന്നിവയാണ് പ്രധാന എതിരാളികൾ. ഇവ രുമായി ഏറ്റുമുട്ടാന്‍ രൂപത്തിലെ ആധുനികത മാത്രമല്ല വലിപ്പം കൂടിയെന്നും തോന്നിക്കുന്നവിധമാണ് പുതിയ ഡിസയറിന്റെ നിര്‍മാണം.
ഡിസൈന്‍ പുതുമ
സെഡാന് വിഭാഗത്തില്‍ മാരുതി വാ ഹന പ്രേമികൾക്ക് സങ്കല്പ്പിക്കാന് സാധിക്കാത്തവിധം മാറ്റങ്ങളാണ് ഡിസൈനിലുള്ളത്. റോഡൈനാമിക് എയിറോ ഡൈനാമിക് രൂപശൈലിയാണ് പുതിയ ഡിസയറിൽ. ക്രിസ്റ്റല്‍ വിഷന്‍ ഹെഡ് ലാംപും ഡേടൈം എല്‍ഇഡി ലൈറ്റും ഉള്‍പ്പെടുത്തി.
വലിയ റേഡിയേറ്റര്‍ ഗ്രില്ലിന് മുകളിലായി ക്രോം ഘടകം ഒരുക്കി. വലിപ്പമുള്ള ബന്പറില് എല്‍ഇഡി ഫോഗ് ലാംപ് ഉള്‍പ്പെടുത്തി. 15 ഇഞ്ച് വലിപ്പത്തില്‍ ഇരട്ട നിറങ്ങളില്‍ തീര്‍ത്തിരിക്കുന്ന അലോയി വീല്‍ പുതുമയാണ്.
ലെന്‍സ് ക്ലിയര്‍ ഗ്ലാസിനൊപ്പം സ്മോഗ്ഡ് ഫീല്‍ നല്‍കിയാണ് ടെയ്ല് ലാമ്പിന്റെ ഡിസൈന്‍. ട്രൈ ആരോ പാറ്റേണിലുള്ള എല്‍ഇഡി ലൈറ്റാണ് ബ്രേക്ക് ലാമ്പായി നല്‍കിയിരിക്കുന്നത്. മാറ്റ് ലൈനുകളും എല്‍ഇഡിയാണ്.
3995 മില്ലി മീറ്റര്‍ നീളവും 1735 മില്ലി മീറ്റര്‍ വീതിയുമാണ് ഈ വാഹനത്തിനുള്ളത്. ഉയരം 1525മില്ലി മീറ്റര്‍. 2450 മില്ലിമീറ്ററാണ് വീല്‍ ബേസ്.
സുരക്ഷാ ഫീച്ചറുകള്‍
ഫാബ്രിക് സീറ്റുകള്‍ കാഴ്ചയിലും ഇരിപ്പിലും സുഖം നല്‍കും. പിന്‍സീറ്റില്‍ ലെഗ് റൂം ധാരാളമാണ്. നാല് നിറങ്ങള്‍ അലങ്കരിക്കുന്ന ഡാഷ്ബോര്‍ഡാണ് എടുത്തുപറയാവുന്ന മാറ്റം. സ്മാര്‍ട്ട് പ്രൊയോടു കൂടിയ ഒന്‍പത് ഇഞ്ച് ഇന്ഫോടൈന്മെന്റ് ടച്ച് സ്ക്രീന്‍. 360 ഡിഗ്രി കാമറ വ്യൂവും ഇതില്‍ കാണാന്‍ കഴിയും.
ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇന്ഫൊടൈന്മെന്റ് സിസ്റ്റം. ക്ലൈമട്രോണിക് എസി, വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍ ഇവയെല്ലാം വാഹനത്തില്‍ ലഭ്യം.
റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, അടിസ്ഥാന ഫീച്ചറായി നല്‍കിയിട്ടുള്ള ആറ് എയര്‍ബാഗ്, ഹില്‍ ഹോള്‍ഡ് കണ്ട്രോള്, എബിഎസ്, ഇബിഡി ഉള്‍പ്പെടെ 20ഓളം സുരക്ഷാ ഫീച്ചറുകള്‍ പരിഷ്കരിച്ച ഈ കോംപാക്റ്റ് സെഡാനിലുണ്ട്.
ഹൃദയഭാഗത്തും പുതുമ
സ്വിഫ്റ്റില്‍ പരീക്ഷിച്ച 1197സി സി ഇസഡ് സീരീസ് എന്‍ജിനാണ് ഇപ്പോള്‍ ഡിസയറിലും കരുത്തേകുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജെന്‍- ഇസഡ് എന്ന ഓമനപ്പേരില്‍ എത്തിച്ചിരിക്കുന്നത്. 81.9 പിഎസ് പവറും 111.7 എന്‍എം ടോര്‍ക്കുമാണ് എന്ജിന് കരുത്ത്.
ഉയര്‍ന്ന ഇന്ധനക്ഷമത
അഞ്ച് സ്പീഡ് മാനുവലിനൊപ്പം എജിഎസ് ഓട്ടോമാറ്റിക് ട്രാന്സ്മിഷൻ, ഉയര്‍ന്ന ഇന്ധനക്ഷമത എന്നിവ വാഹന ത്തിന്റെ ഹൈലൈറ്റാണ്. മാനുവല്‍ മോഡലിന് 24.79 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡലിന് 25.71 കിലോമീറ്ററും സിഎന്‍ജിയില്‍ 33.73 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
ഒമ്പത് മോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിൽ എസി, പവര്‍ സ്റ്റീയറിംഗ്, 4 ഡോര്‍ പവര്‍ വിന്‍ഡോ എന്നിവ അടിസ്ഥാന മോഡല്‍ മുതല്‍ ലഭ്യമാണ്. ടോപ്പ് മോഡലില്‍ സണ്‍റൂഫും. പുതിയ ഡിസയര്‍ പെട്രോള്‍ എന്‍ജിനിലും സിഎന്‍ജിയിലും ലഭ്യമാകും.