ട്രംപിന്റെ കുതിപ്പിൽ വിപണിയിലും ഉണർവ്
Thursday, November 7, 2024 12:20 AM IST
മുംബൈ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് വിജയിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവച്ചു.
ട്രംപിന്റെ കുതിപ്പ് ആഗോള ഓഹരി വിപണികളിലും ഉണർവുണ്ടാക്കി. ഇന്ത്യൻ വിപണി ഒരു ശതമാനത്തിനു മുകളിലാണ് ഉയർന്നത്. സെൻസെക്സ് 901.50 പോയിന്റ് വർധിച്ച് 80378.13ൽ വ്യാപാരം അവസാനിപ്പിച്ചു. ഐടി, ഫാർമസൂട്ടിക്കൽ മേഖലകളിൽ ഇന്നലെയുണ്ടായ നിക്ഷേപമാണ് സെൻസെക്സിനെ സ്വാധീനിച്ചത്. സെൻസ്കെസ് ഒരു വേള 1093.1 പോയിന്റ് വരെ ഉയർന്ന് 80569.73 വരെയെത്തിയിരുന്നു.
നിഫ്റ്റി 270.75 പോയിന്റ് ഉയർന്ന് 24484.05ലാണ് വ്യാപാരം നിർത്തിയത്. മിഡ് കാപ്, സ്മോൾ കാപ് സൂചികകൾ രണ്ടു ശതമാനത്തിലധികം ഉയർന്നു.
ബിഎസ്ഇ സെൻസെക്സിൽ ലിസ്റ്റ് ചെയത മൊത്തത്തിലുള്ള കന്പനികളുടെ വിപണി മൂലധനം 7.8 ലക്ഷം കോടി രൂപ ഉയർന്നു.
അമേരിക്കൻ സന്പദ്വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഏറ്റവുമധികം സ്വാധീനിക്കുന്ന ഐടി ഓഹരികളാണ് ഏറ്റവും കൂടുതൽ മുന്നേറിയത്. ഓഹരി വിൽപ്പനയിൽ ഭാരത് ഇലക്ട്രിക്കൽസ്, ഇൻഫോസിസ് ലിമിറ്റഡ്, ടാറ്റ കണ്സൾട്ടൻസി, അദാനി എന്റർപ്രൈസസ്, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി, എച്ച്സിഎൽ ടെക്, എൽ ആൻഡ് ടി, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര എന്നീ കന്പനികൾ നേട്ടമുണ്ടാക്കി. എന്നാൽ എസ്ബിഐ ലൈഫ് ഇൻഷ്വറൻസ്, ടാറ്റ, എച്ച്ഡിഎഫ്സി ലൈഫ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്യുഎൽ, സിപ്ല എന്നീ കന്പനികൾക്ക് നഷ്ടമുണ്ടായി.
വിദേശ വിപണികളും ഉയർന്നു
യുഎസ് ഓഹരി വിപണികളായ ഡൗ ജോണ്സ്, നാസ്ഡാക്, എസ് ആൻഡ് പി 500 എന്നിവ ഒരു ശതമാനത്തിലധികം ഉയർന്നിരുന്നു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ്, ഓസ്ട്രേലിയൻ സൂചികകളും ഉയർന്നു. എന്നാൽ സീയൂൾ, ഷാങ്ഹായ്, ഹോങ്കോംഗ് സൂചികകൾ താഴ്ന്നു. യൂറോപ്യൻ ഓഹരി വിപണികളിലും ഉയർച്ച ദൃശ്യമായിരുന്നു.
ചാഞ്ചാട്ടം തടഞ്ഞും അടിസ്ഥാനകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ടും ഓഹരി വിപണികളെ സ്ഥിരപ്പെടുത്താൻ ട്രംപിന്റെ വിജയം സഹായിക്കുമെന്ന് വിപണി നിരീക്ഷകർ ഏറെക്കുറെ വിശ്വസിക്കുന്നു.
പ്രതീക്ഷയുമായി ഇന്ത്യൻ വിപണി
ട്രംപ് വരുന്നത് ചൈനയുമായുള്ള അമേരിക്കൻ വ്യാപാരപ്പോര് കൂടുതൽ കടുക്കാനിടയാക്കിയേക്കും. ഇത് യുഎസിൽ നിന്നടക്കമുള്ള ആഗോള കന്പനികളെ ഇന്ത്യയിലേക്കു മാറാൻ പ്രേരിപ്പിച്ചേക്കുമെന്നതാണ് കരുതുന്നത്.
ട്രംപ് ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ചുങ്കം ചുമത്തുമെന്നും അത് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെ സഹായിക്കുമെന്നും സംസാരമുണ്ട്. ചൈനയിൽ നിന്ന് കന്പനികൾ ഇന്ത്യയിലേക്കു മാറുന്ന പ്രവണതയും പലരും മുന്നിൽ കാണുന്നു.
ക്രൂഡ് ഓയിൽ വില താഴ്ന്നു
ട്രംപിന്റെ മുന്നേറ്റം രാവിലെ മുതൽ വ്യക്തമായതോടെ ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടായി. ബ്രന്റ് ക്രൂഡ് 1.43 ശതമാനം ഇടിഞ്ഞ് ബാരലിന് 74.45 ഡോളറായി.
ഡോളറും ബിറ്റ്കോയിനും ശക്തിപ്പെട്ടു
പ്രസിഡന്റ് സ്ഥാനത്ത് ട്രംപ് എത്തുന്നത് യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്. ട്രംപിന്റെ നയങ്ങൾ ഉയർന്ന പണപ്പെരുപ്പത്തിനും വളർച്ചയ്ക്കും വഴിയൊരുക്കുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നു. ക്രിപ്റ്റോകറൻസികളും ഇന്നലെ നേട്ടമുണ്ടാക്കി. ബിറ്റ്കോയിനാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ചരിത്രത്തിൽ ആദ്യമായി ബിറ്റ്കോയിൻ 75000 ഡോളറിനു മുകളിലെത്തി. ഇന്നലെ എട്ടു ശതമാനം ഉയർന്ന് 75371.69 ഡോളറിലാണ് ബിറ്റ്കോയിൻ എത്തിയത്. ഈ വർഷം മാർച്ച് 14ലെ 73797.68 ഡോളറാണ് ബിറ്റ്കോയിൻ മറികടന്നത്. വിദേശ വ്യാപാരത്തിൽ നിരക്ക് ഉയർത്തുമെന്നും ഇറക്കുമതിക്ക് നികുതി വർധിപ്പിക്കു മെന്നും ട്രംപിന്റെ നയത്തിലുണ്ട്.
വൻകിട കോർപറേറ്റുകൾക്ക് കുറഞ്ഞ നിയന്ത്രണവും കുറഞ്ഞ നികുതിയും കൂടുതൽ എണ്ണ ഉത്്പാദനവും കടുത്ത കുടിയേറ്റ നയവും എന്ന ട്രംപിന്റെ വാഗ്ദാനങ്ങൾ ശക്തമായ വളർച്ചയിലേക്കും പണപ്പെരുപ്പത്തിലേക്കും വിരൽ ചൂണ്ടുന്നു. ഇത് ഓഹരി കച്ചവടക്കാർക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്. ബാങ്കുകൾ, സാങ്കേതികവിദ്യ, പ്രതിരോധം, ഫോസിൽ ഇന്ധനങ്ങൾ തുടങ്ങിയ മേഖലകൾക്ക് നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്.