യുക്രെയ്ൻ: മൂന്നാം ദിനം കടന്ന് റിയാദ് ചർച്ച
Wednesday, March 26, 2025 12:59 AM IST
റിയാദ്: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ സൗദിയുടെ തലസ്ഥാനമായ റിയാദിൽ ചർച്ച പുരോഗമിക്കുന്നു. യുഎസ്, റഷ്യ, യുക്രെയ്ൻ പ്രതിനിധികൾ നടത്തുന്ന ചർച്ച ഇന്നലെ മൂന്നാം ദിവസം പിന്നിട്ടു.
എന്നാൽ ,കാര്യമായ പുരോഗതിയുണ്ടായതായി റിപ്പോർട്ടില്ല. കഴിഞ്ഞയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിച്ചതിന്റെ തുടർച്ചയായാണ് ഈ ചർച്ചകൾ.
റിയാദിലെ മൂന്നു ദിവസത്തെ ചർച്ചയിൽ യുക്രെയ്നും റഷ്യയും നേരിട്ടുള്ള ചർച്ചകൾ നടന്നിട്ടില്ല. യുഎസ് പ്രതിനിധികൾ ഇരു രാജ്യങ്ങളുമായി വെവ്വേറെ ചർച്ച നടത്തുകയായിരുന്നു.
കഴിഞ്ഞയാഴ്ച ഇരുരാജ്യങ്ങളും 30 ദിവസത്തെ വെടിനിർത്തലിന് തത്ത്വത്തിൽ സമ്മതിച്ചിരുന്നതാണ്. എന്നാൽ ഇതുപോലും നടപ്പാക്കാനായില്ല. ഇരു പക്ഷവും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പരസ്പരം ആക്രമണം തുടരുകയാണ്.
യുക്രെയ്ന്റെ ഊർജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നതുൾപ്പെടെയാണ് ചർച്ചയിൽ അമേരിക്ക നിർദേശംവച്ചിരിക്കുന്നത്. കരിങ്കടലിൽ സുരക്ഷിതമായ വാണിജ്യ കപ്പൽ ഗതാഗതം ഉറപ്പാക്കാനുള്ള നിർദേശത്തിനും ഇരുകക്ഷികളും അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നാണു വിവരം.
എന്നാൽ വെടിനിർത്തൽ സംബന്ധിച്ച് വ്യക്തമായ പദ്ധതികളൊന്നും ഉരുത്തിരിഞ്ഞിട്ടില്ല. കരിങ്കടലിലെ സുരക്ഷിത കപ്പൽ ഗതാഗതം സംബന്ധിച്ച് റിയാദിൽ റഷ്യ-യുഎസ് പ്രതിനിധികൾ ചർച്ച ചെയ്തതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കു കരിങ്കടൽ വഴി ധാന്യം കയറ്റി അയയ്ക്കാൻ യുക്രെയ്നെ അനുവദിക്കുന്ന 2022ലെ കരാർ മോസ്കോ പുനരാരംഭിക്കാൻ തയാറാണെന്നും ലാവ്റോവ് കൂട്ടിച്ചേർത്തു. റഷ്യയുടെ ഔദ്യോഗിക ടിവി ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇതിനിടെ യുക്രെയ്ൻ റെയിൽവേയ്ക്കുനേരേ സൈബർ ആക്രമണം നടന്നു. ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിനു നേർക്കാണ് സൈബർ ആക്രമണം ഉണ്ടായത്. ട്രെയിൻ സർവീസിനെ ഇത് ബാധിച്ചില്ലെന്നു റെയിൽവേ അറിയിച്ചു.
അതേസമയം, ഹിമാർസ് റോക്കറ്റ് ഉപയോഗിച്ച് റഷ്യയിലെ ബെൽഗൊറോഡ് മേഖലയിൽ നാല് സൈനിക ഹെലികോപ്റ്ററുകൾ നശിപ്പിച്ചതായി യുക്രെയ്ൻ സ്പെഷൽ ഓപ്പറേഷൻ ഫോഴ്സ് തിങ്കളാഴ്ച അവകാശപ്പെട്ടു.