ബംഗ്ലാദേശിൽ വീണ്ടും സൈനിക അട്ടിമറി?
Wednesday, March 26, 2025 2:44 AM IST
ധാക്ക: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ബംഗ്ലാദേശില്‍ വീണ്ടും സൈനിക അട്ടിമറിയുണ്ടായേക്കാമെന്നു റിപ്പോര്‍ട്ടുകള്‍.
ഇടക്കാല സർക്കാരിനു നേതൃത്വം നൽകുന്ന പ്രഫ. മുഹമ്മദ് യൂനുസിനെതിരേ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ രാജ്യമെമ്പാടും, പ്രത്യേകിച്ചു തലസ്ഥാനമായ ധാക്കയില്‍ സൈന്യത്തെയും സുരക്ഷാ സേനാംഗങ്ങളെയും വിന്യസിക്കുന്നത് അഭ്യൂഹങ്ങള്‍ക്കു ശക്തി പകരുകയാണ്.
സൈന്യം അധികാരം പിടിച്ചെടുക്കുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിലും ശക്തമാണ്. എന്നാല്‍, പ്രഫ. മുഹമ്മദ് യുനുസോ സേനാതലവന്‍ വഖാര്‍ ഉസ് സമാനോ ഒരുതരത്തിലുള്ള പ്രതികരണവും നടത്തുന്നില്ല.
സമീപദിവസങ്ങളില്‍ ബംഗ്ലാദേശില്‍ സുപ്രധാനസംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനറല്‍ വഖാര്‍ ഉസ് സമാന് കഴിഞ്ഞ തിങ്കളാഴ്ച സൈന്യത്തിന്റെ അടിയന്തരയോഗം വിളിച്ചിരുന്നു. ഇതില്‍ അഞ്ച് ലഫ്റ്റനന്റ് ജനറല്‍മാരും എട്ട് മേജര്‍ ജനറല്‍മാരും (ജിഒസി), സ്വതന്ത്ര ബ്രിഗേഡുകളുടെ കമാന്‍ഡിംഗ് ഓഫീസര്‍മാരും പങ്കെടുത്തു. ഇടക്കാല സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സൈന്യം എന്തു നടപടി സ്വീകരിക്കണം എന്നതായിരുന്നു ചര്‍ച്ചാവിഷയം.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ അതുമല്ലെങ്കില്‍ മുഹമ്മദ് യൂനുസിനെ പുറത്താക്കാനോ സൈന്യം നീക്കം നടത്തിയേക്കാം. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു ദേശീയ ഐക്യ സര്‍ക്കാര്‍ എന്നതാണ് മറ്റൊരു ആലോചനയെന്നും റിപ്പോർട്ടുകളുണ്ട്.
നിഷേധിച്ച് സൈന്യം
അതേസമയം, രാജ്യത്ത് അട്ടിമറി നീക്കം നടക്കുന്നതായുള്ള അഭ്യൂഹം സൈന്യം തള്ളി. സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസാണ് (ഐഎസ്പിആർ) അഭ്യൂഹം തള്ളി രംഗത്തുവന്നത്.
സൈനികമേധാവി വക്കർ ഉസ്മാന്റെ നേതൃത്വത്തിൽ സൈനിക ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നത് രാജ്യത്തെ പൊതുവിലുള്ള അവസ്ഥ വിലയിരുത്താനാണെന്നും ഐഎസ്പിആർ അറിയിച്ചു.