ട്രംപിന്റെ എതിർപ്പ്; നാസയുടെ ചാന്ദ്രദൗത്യത്തിൽ വനിത ഇല്ല
Tuesday, March 25, 2025 1:21 AM IST
ഹൂസ്റ്റൺ: വെള്ളക്കാരനല്ലാത്ത വ്യക്തിയെയും വനിതയെയും ആദ്യമായി ചന്ദ്രനിൽ ഇറക്കാനുള്ള പദ്ധതിയിൽനിന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പിന്മറി.
തുല്യത ഉറപ്പാക്കാൻ അമേരിക്ക പതിറ്റാണ്ടുകളായി പന്തുടരുന്ന ഡൈവേഴ്സിറ്റി നയത്തോടു പ്രസിഡന്റ് ഡോണൾഡ് ട്രംപിനുള്ള എതിർപ്പു പരിഗണിച്ചാണിത്.
2027ലെ ആർട്ടിമിസ് ദൗത്യത്തിലൂടെ വീണ്ടും മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള നീക്കത്തിലാണ് നാസ. ആർട്ടിമിസ് ദൗത്യത്തിൽ ഒരു വനിതയും ഇരുണ്ടനിറമുള്ള വ്യക്തിയും ആദ്യമായി ചന്ദ്രനിൽ ഇറങ്ങുമെന്നാണു നാസയുടെ വെബ്സൈറ്റിൽ മുന്പ് രേഖപ്പെടുത്തിയിരുന്നത്.
ആർട്ടിമിസ് ദൗത്യത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ വിശദീകരണത്തിൽ ഇക്കാര്യം പറയുന്നില്ല.ചൊവ്വയിൽ മനുഷ്യനെ എത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ മറ്റൊരു ലോകത്തു ജീവിക്കുന്നതു സംബന്ധിച്ച സാങ്കേതിക പഠനങ്ങളായിരിക്കും ചന്ദ്രനിൽ നടത്തുകയെന്നാണു പുതിയ വിശദീകരണം.