സ്റ്റാർമറുടെ പദ്ധതി തള്ളി അമേരിക്ക
Monday, March 24, 2025 1:51 AM IST
വാഷിംഗ്ടൺ ഡിസി: വെടിനിർത്തലുണ്ടാകുന്ന പക്ഷം യുക്രെയ്നിൽ അന്താരാഷ്ട്ര സമാധാന സേനയെ വിന്യസിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറിന്റെ പദ്ധതിയെ എതിർത്ത് അമേരിക്ക. സ്റ്റാർമറുടെ പദ്ധതി തള്ളിക്കളയുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഒരഭിമുഖത്തിൽ പറഞ്ഞു.
വെടിനിർത്തലിനായി യുക്രെയ്നുമായും റഷ്യയുമായും ചർച്ച നടത്തുന്നത് വിറ്റ്കോഫ് ആണ്.
അടുത്തിടെ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും വിറ്റ്കോഫ് അഭിമുഖത്തിൽ സംസാരിച്ചു. പുടിൻ മോശക്കാരനല്ല, മിടുക്കനാണ്. കഴിഞ്ഞവർഷം വധശ്രമം നേരിട്ട ട്രംപിനുവേണ്ടി പുടിൻ പ്രാർഥിച്ചിരുന്നു. ട്രംപിന്റെ ഛായാചിത്രം വരച്ച് സമ്മാനിക്കാനായി പുടിൻ ഓർഡർ നല്കിയിരിക്കുകയാണ്. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ യുക്രെയ്നു തിരിച്ചുകിട്ടില്ലെന്നും വിറ്റ്കോഫ് സൂചിപ്പിച്ചു.