പ്രാർഥനകൾക്കു നന്ദിപറഞ്ഞ് മാർപാപ്പ ആശുപത്രി വിട്ടു
Monday, March 24, 2025 1:51 AM IST
വത്തിക്കാൻ സിറ്റി: ശ്വാസകോശ രോഗത്തെത്തുടർന്നു ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ 38 ദിവസത്തിനുശേഷം ആശുപത്രി വിട്ടു. പ്രാദേശികസമയം ഇന്നലെ ഉച്ചയ്ക്കു 12ന് വത്തിക്കാനിലേക്ക് മടങ്ങുന്നതിനുമുന്പ് റോമിലെ ജെമെല്ലി ആശുപതിയുടെ അഞ്ചാം നിലയുടെ ബാൽക്കണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ട് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു.
വീൽചെയറിൽ ജനാലയ്ക്കരികിലെത്തിയപ്പോഴേക്കും "വിവ ഇൽ പാപ്പ' "പാപ്പ ഫ്രഞ്ചെസ്കോ' വിളികളും കരഘോഷങ്ങളും കൊണ്ട് ആശുപത്രി പരിസരം ശബ്ദമുഖരിതമായിരുന്നു. തന്നെ കാണാന്‍ ആശുപത്രി പരിസരത്ത് കൈകളിൽ പൂക്കളും, "വെൽക്കം ഹോം' എന്നെഴുതിയ ബാനറുകളുമായി കാത്തുനിന്ന വിശ്വാസികള്‍ക്കു നേരേ കൈ വീശി അഭിവാദ്യം ചെയ്ത മാര്‍പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാർഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു. തുടർന്ന് എല്ലാവരെയും ആശീർവദിച്ചു.
ഡിസ്ചാർജാകുന്നതിനുമുന്പ് ജെമെല്ലി ആശുപത്രി അധികൃതരുമായും തന്നെ ചികിത്സിച്ച ഡോക്ടർമാരുമായും മെഡിക്കൽ ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തിയ മാർപാപ്പ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറഞ്ഞു. രോഗമുക്തനായി വത്തിക്കാനിലേക്കു മടങ്ങിയ മാർപാപ്പയുടെ വാഹനവ്യൂഹം കടന്നുപോകുന്പോൾ പൂക്കളുമായി നൂറുകണക്കിനു പേരാണ് തടിച്ചുകൂടി അഭിവാദ്യമർപ്പിച്ചത്.
അതേസമയം വത്തിക്കാനിലേക്കുള്ള മടക്കയാത്രയിൽ ഫ്രാൻസിസ് മാർപാപ്പ റോമിലെ മേരി മേജർ ബസിലിക്കയിൽ എത്തുകയും പരിശുദ്ധ കന്യകാമാതാവിന്റെ തിരുസ്വരൂപത്തിനു മുന്പിൽ സമർപ്പിക്കാൻ കർദിനാൾ റോലാൻദാസ് മക്രിക്കാസിനു പൂക്കൾ നൽകുകയും ചെയ്തു.
ശ്വാസനാള വീക്കത്തെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.