മേയറുടെ അറസ്റ്റ്; തുർക്കിയിൽ പ്രതിഷേധം ശക്തമാകുന്നു
Tuesday, March 25, 2025 1:21 AM IST
അങ്കാറ: ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിന്റെ അറസ്റ്റിൽ തുർക്കി ജനത പ്രതിഷേധം കടുപ്പിച്ചു. കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്തതിനു പിന്നാലെ ഞായറാഴ്ച വൻ പ്രകടനങ്ങൾ അരങ്ങേറി. തുർക്കിയിലെ 81 പ്രവിശ്യകളിൽ 51ലും പ്രകടനങ്ങളുണ്ടായി.
തുർക്കി പ്രസിഡന്റ് എർദോഗന്റെ രാഷ്ട്രീയ ശത്രുവായ ഇമാമൊഗ്ലുവിനെതിരേയുള്ള നടപടികൾ രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കുന്നു. പല പ്രകടനങ്ങളും പോലീസുമായുള്ള സംഘർഷത്തിലാണു കലാശിച്ചത്.
ജലപീരങ്കി, കുരുമുളക് സ്പ്രേ, റബർ വെടിയുണ്ടകൾ എന്നിവ പ്രതിഷേധക്കാർക്കു നേരേ പോലീസ് പ്രയോഗിച്ചു. ഇസ്താംബൂളിൽ നടന്ന പ്രകടനത്തെ ഇമാമൊഗ്ലുവിന്റെ ഭാര്യ ദിലേക് കായ അഭിസംബോധന ചെയ്തു.
ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇക്രം ഇമാമൊഗ്ലുവിനെതിരേ അഴിമതി, തീവ്രവാദബന്ധം മുതലായ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
ഇസ്താംബൂൾ മേയർ പദവിയിൽനിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായി തുർക്കി ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനിടെ, മതേതര പ്രതിപക്ഷ പാർട്ടിയുടെ 2028ലെ പ്രസിഡൻഷ്യൻ സ്ഥാനാർഥിയായി ഇമാമൊഗ്ലു ഞായറാഴ്ച തെരഞ്ഞെടുക്കപ്പെട്ടു.