ലോകസമാധാനത്തിനായി അഭ്യർഥിച്ച് മാർപാപ്പ
Monday, March 24, 2025 1:51 AM IST
റോം: ഗാസയിൽ വീണ്ടും ആക്രമണം ആരംഭിച്ചതിൽ അതിയായ വിഷമമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗാസയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും യുദ്ധംമൂലം കൊടിയ ദുരിതങ്ങൾ അനുഭവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. ഇന്നലെ ത്രികാല ജപത്തിനുശേഷം വായിക്കാനായി മുൻകൂട്ടി തയാറാക്കി നൽകിയ സന്ദേശത്തിലാണ് യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരെ മാർപാപ്പ അനുസ്മരിച്ചത്.
യുക്രെയ്ൻ, പലസ്തീൻ, ഇസ്രയേൽ, ലബനൻ, മ്യാൻമർ, സുഡാൻ, കോംഗോ എന്നിവിടങ്ങളിൽ സമാധാനത്തിനായി പ്രാർഥിക്കാൻ തന്നോടൊപ്പം ചേരാൻ അദ്ദേഹം വിശ്വാസികളെ ക്ഷണിച്ചു. ഗാസയിൽ വെടിനിർത്തലിന് എല്ലാവരും തയാറാകണം. ആയുധങ്ങൾ ഉടനടി നിശബ്ദമാക്കണം. അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനുള്ള വെടിനിർത്തൽ ചർച്ച പുനരാരംഭിക്കണം.
അർമേനിയയും അസർബൈജാനും തമ്മിലുള്ള സമാധാന കരാറിന്റെ അന്തിമരേഖയിൽ ഇരുരാജ്യങ്ങളും തമ്മിൽ യോജിപ്പിലെത്തിയതിൽ സന്തോഷമുണ്ട്. എത്രയും വേഗം കരാറിൽ ഒപ്പുവയ്ക്കുമെന്നും അതുവഴി ദക്ഷിണ കോക്കസസിൽ ശാശ്വത സമാധാനം കൈവരുമെന്നും താൻ പ്രതീക്ഷിക്കുന്നതായും മാർപാപ്പ പറഞ്ഞു.
സന്ദേശം ഉപസംഹരിക്കുന്നതിനുമുമ്പ്, സഭയെയും ലോകത്തെയും സമാധാനപാതയിലേക്കു നയിക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥം തേടി മാർപാപ്പ പ്രാർഥിക്കുകയും ചെയ്തു.