കൊറിയൻ പ്രധാനമന്ത്രിയെ ഇംപീച്ച് ചെയ്തത് അസാധുവാക്കി
Tuesday, March 25, 2025 1:21 AM IST
സീയൂൾ: ദക്ഷിണകൊറിയൻ പ്രധാനമന്ത്രി ഹാൻ ഡക് സൂവിനെ ഇംപീച്ച് ചെയ്ത പാർലമെന്റ് നടപടി ഭരണഘടനാ കോടതി റദ്ദാക്കി. ഇതോടെ ഹാൻ ആക്ടിംഗ് പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തി.
ഡിസംബറിൽ പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ച പ്രസിഡന്റ് യൂൺ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തതോടെ ഹാൻ ഡക് സൂ ആക്ടിംഗ് പ്രസിഡന്റായിരുന്നു. എന്നാൽ, പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തെ ഇംപീച്ച് ചെയ്തു. ഭരണഘടനാ കോടതിയിൽ പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള പ്രതിപക്ഷനീക്കം ഹാൻ തടഞ്ഞതായിരുന്നു കാരണം.
തുടർന്ന് ധനമന്ത്രി ചോയി സാംഗ് മോക് ആണ് ഇടക്കാല പ്രസിഡന്റ് പദവി വഹിച്ചുവന്നത്. അദ്ദേഹത്തെയും ഇംപീച്ച് ചെയ്യാനുള്ള നീക്കം പ്രതിപക്ഷം ആരംഭിച്ചിരുന്നു.
പ്രസിഡന്റ് യൂൺ സുക് യോളിന്റെ ഇംപീച്ച്മെന്റ് സാധുതയും ഭരണഘടനാ കോടതിയുടെ പരിഗണനയിലാണ്.