ഏഴു വർഷത്തിനുശേഷം പാക് ക്രിസ്ത്യൻ പെൺകുട്ടിക്കു നീതി
Thursday, March 13, 2025 1:11 AM IST
ലാഹോര്‍: ബാല വിവാഹത്തിനും ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായ പാക് ക്രിസ്ത്യന്‍ പെണ്‍കുട്ടി ഷാഹിദ ബീബിക്ക് ഒടുവില്‍ കോടതി ഇടപെടലില്‍ നീതി.
സംഭവം നടന്ന് ഏഴു വര്‍ഷത്തിനുശേഷമാണ് പെൺകുട്ടിക്ക് അനുകൂലമായി ബഹാവൽപുരിലെ സിവിൽ കോടതി വിധി പുറപ്പെടുവിച്ചത്.
ഷാഹിദ ക്രൈസ്തവവിശ്വാസിയാണെന്നതു ശരിവച്ച കോടതി നിർബന്ധിത വിവാഹം എല്ലാ രേഖകളില്‍നിന്നും നീക്കം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. കോടതിവിധിയോടെ നീണ്ട യാതനകള്‍ക്കുശേഷം തന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കും സ്വന്തം പിതാവിന്റെ അടുത്തേക്കും മടങ്ങുവാനുള്ള അവസരമാണ് നിലവില്‍ 18 വയസുള്ള ഷാഹിദയ്ക്കു ലഭിച്ചിരിക്കുന്നത്.
ഏഴു വർഷം മുന്‍പ് ഷാഹിദ ബീബിക്ക് 11 വയസുള്ളപ്പോൾ അവളുടെ അമ്മ ഒരു മുസ്ലിം പുരുഷനുമായി ഒളിച്ചോടിയതോടെയാണ് ദുരിതം ആരംഭിക്കുന്നത്. അമ്മയ്ക്കൊപ്പം പോയ ഷാഹിദയെ അമ്മയുടെ രണ്ടാം ഭർത്താവ് തന്റെ സഹോദരനുമായി നിർബന്ധിച്ചു വിവാഹം നടത്തുകയായിരുന്നു.