റഷ്യ-യുക്രെയ്ൻ താത്കാലിക വെടിനിർത്തൽ ; റഷ്യ സഹകരിക്കുമെന്നാണു പ്രതീക്ഷയെന്ന് ട്രംപ്
Wednesday, March 12, 2025 11:07 PM IST
ന്യൂയോർക്ക്/വാഷിംഗ്ടൺ ഡിസി: 30 ദിന വെടിനിർത്തൽ എന്ന നിർദേശത്തോട് റഷ്യ സഹകരിക്കുമെന്നാണു പ്രതീക്ഷയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശുഭകരമായ നീക്കമാണിതെന്നും റഷ്യയെ സമ്മതിപ്പിക്കേണ്ടത് യുഎസ് ആണെന്നും ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയും പ്രതികരിച്ചു.
മൂന്നു വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ചൊവ്വാഴ്ച യുഎസിന്റെയും യുക്രെയ്നിന്റെയും ഉന്നത പ്രതിനിധികൾ സൗദി അറേബ്യയിലെ ജിദ്ദയിൽ ചർച്ച നടത്തിയിരുന്നു.
റഷ്യ വഴങ്ങിയില്ലെങ്കിൽ ഇനിയും ജനങ്ങൾ വെറുതെ കൊല്ലപ്പെട്ടുകൊണ്ടിരിക്കും- ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. “അമേരിക്ക യുക്രെയ്നിന്റെ ഭാഗം മനസിലാക്കുന്നുണ്ട്. പ്രസിഡന്റ് ട്രംപിനോട് നന്ദിയുണ്ട്”- ജിദ്ദയിൽവച്ച് സെലെൻസ്കി പറഞ്ഞു.
യുദ്ധത്തിന്റെ ആദ്യനിമിഷം മുതൽ സമാധാനം ആഗ്രഹിച്ചവരാണ് തങ്ങളെന്നും യുദ്ധസാഹചര്യം മടങ്ങിവരാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ യുക്രെയ്ൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം എക്സിൽ അറിയിച്ചു.
ആക്രമണങ്ങൾ നിർത്തുന്നതോടൊപ്പം റഷ്യയിലേക്കു കടത്തിക്കൊണ്ടുപോയ കുട്ടികളെയും മറ്റ് തടവുകാരെയും യുക്രെയ്നിൽ തിരിച്ചെത്തിക്കണമെന്ന സെലെൻസ്കിയുടെ ആവശ്യത്തോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.