സൊമാലിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം
Monday, February 3, 2025 12:42 AM IST
വാഷിംഗ്ടൺ ഡിസി: സൊമാലിയയിലെ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സേന വ്യോമാക്രമണം നടത്തിയെന്നും ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടുവെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഗുഹകളിൽ ഒളിച്ചിരുന്ന ഭീകരർ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വലിയ ഭീഷണി ഉയർത്തിയിരുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വടക്കൻ സൊമാലിയയിലെ ഗോലിസ് മലനിരകളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.
ആദ്യനിഗമനമനുസരിച്ച് നിരവധി ഐഎസ് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. സൊമാലിയൻ മണ്ണിൽനിന്ന് കൂടുതൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനും നടത്താനും ഇനി ഐഎസ് പ്രാപ്തമല്ല. ഭീകരശക്തികളെ ഉന്മൂലനം ചെയ്യാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്. -അദ്ദേഹം പറഞ്ഞു.
ആക്രമണവിവരം സൊമാലിയൻ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദിനെ മുൻകൂട്ടി അറിയിച്ചിരുന്നു. തീവ്രവാദികളെ നേരിടാൻ സഹായിക്കുന്ന അമേരിക്കയ്ക്കും പ്രസിഡന്റ് ട്രംപിനും നന്ദി അറിയിക്കുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു.
അതേസമയം, ഐഎസിന്റെ ഉന്നതനേതാക്കളെ വ്യോമാക്രമണത്തിലൂടെ ഇല്ലാതാക്കിയതിന് അന്താരാഷ്ട്ര സുഹൃത്തുക്കൾക്ക് നന്ദി പറയുന്നതായി സൊമാലിയയിലെ പുന്റ്ലാൻഡ് സംസ്ഥാന സർക്കാർ അറിയിച്ചു. 2010കളിൽ സിറിയയിലും ഇറാക്കിലും ശക്തമായിരുന്ന ഐഎസ് ഭീകരർ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നിരന്തര ആക്രമണങ്ങളിൽ ഏറെക്കുറേ ശോഷിച്ചുപോയിരുന്നു. അൽക്വയ്ദയുടെ ഉപവിഭാഗമായ അൽ ഷബാബ് ഗ്രൂപ്പിലെ ഏതാനും പേർ ചേർന്ന് 2015ലാണ് ഐഎസിന്റെ സൊമാലിയ ഘടകം രൂപീകരിക്കുന്നത്. ഗ്രാമീണജനങ്ങളെ കൊള്ളയടിച്ചും നിരന്തര ആക്രമണം നടത്തിയും സൊമാലിയൻ സർക്കാരിന് വലിയ ഭീഷണിയാണ് ഐഎസ് ഭീകരർ സൃഷ്ടിച്ചുകൊണ്ടിരുന്നത്.
2023ൽ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരം അമേരിക്കൻ സേന വടക്കൻ സൊമാലിയയിലെ പർവതമേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഐഎസ് നേതാവ് ബിലാൽ അൽ സുദാനിയും പത്ത് കൂട്ടാളികളും കൊല്ലപ്പെട്ടിരുന്നു.