സർക്കാർ ജീവനക്കാർക്ക് ട്രംപിന്റെ വിരമിക്കൽ പദ്ധതി
Thursday, January 30, 2025 1:37 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കായി പ്രസിഡന്റ് ട്രംപ് സ്വയംവിരമിക്കൽ പദ്ധതി നടപ്പാക്കുന്നു. സർക്കാരിന്റെ ചെലവുചുരുക്കൽ ലക്ഷ്യമിട്ടാണിത്.
ഡെഫേഡ് റെസിഗ്നേഷൻ എന്നു പേരുള്ള പദ്ധതിപ്രകാരം, ഫെഡറൽ ജീവനക്കാർ സർവീസിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഫെബ്രുവരി ആറിനകം അറിയിക്കണം. ഇക്കാര്യം നിർദേശിച്ച് മനുഷ്യവിഭവശേഷി വകുപ്പായ യുഎസ് ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ് എല്ലാ ജീവനക്കാർക്കും ഇ-മെയിൽ അയച്ചു.
വിരമിക്കാൻ തീരുമാനിക്കുന്നവർക്ക് എട്ടു മാസത്തെ ശന്പളം സൗജന്യമായി നല്കുമെന്നാണു വാഗ്ദാനം. സെപ്റ്റംബറിലാണു വിരമിക്കേണ്ടത്.
യുഎസ് ഫെഡറൽ സർവീസിൽ 20 ലക്ഷം ജീവനക്കാരുണ്ട്. രണ്ടു ലക്ഷം പേരെങ്കിലും (10 ശതമാനം) വിരമിക്കുമെന്നാണു ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. 10,000 കോടി ഡോളറിന്റെ സാന്പത്തിക ലാഭമാണു സർക്കാരിന് ഇതുവഴി ലഭിക്കുക.
സൈന്യം, ദേശീയ സുരക്ഷ, കുടിയേറ്റം, തപാൽ തുടങ്ങി ഏതാനും വകുപ്പുകളിലെ ജീവനക്കാരെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സർക്കാർ വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കാനായി മറ്റു പരിഷ്കാരങ്ങളും ആലോചനയിലുണ്ട്. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ വീട്ടിലിരുന്നു ജോലിയെടുക്കൽ നിർത്തലാക്കുന്നതാണ് ഇതിലൊന്ന്. ഫെഡറൽ ജീവനക്കാർ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ഓഫീസിലുണ്ടായിരിക്കണം.
സന്നദ്ധ സംഘടനകൾക്കു ധനസഹായം നിർത്താനുള്ള ഉത്തരവ് കോടതി മരവിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: സന്നദ്ധ സംഘടനകൾക്കുള്ള ഫെഡറൽ ധനസഹായം താത്കാലികമായി നിർത്തലാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് കോടതി മരവിപ്പിച്ചു. ഇന്നലെ ഉത്തരവ് പ്രാബല്യത്തിൽ വരാൻ മിനിട്ടുകൾ ശേഷിക്കേയാണ് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ ഫെഡറൽ കോടതി ജഡ്ജി ലോറൻ അലിഖാന്റെ നടപടി ഉണ്ടായത്.
ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്നാരോപിച്ച് നാഷണൽ കൗൺസിൽ ഫോർ നോൺ പ്രോഫിറ്റ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.
ഫണ്ടുകൾ പുനരവലോകനം ചെയ്യുന്ന കാലയളവിലേക്ക് നിർത്തിവയ്ക്കാനാണ് ട്രംപിന്റെ ഉത്തരവിൽ നിർദേശിക്കുന്നത്. സർക്കാരിന്റെ അജണ്ടയുമായി ഒത്തുപോകുന്നുണ്ടെന്നു കണ്ടെത്തിയാൽ മാത്രമേ ധനസഹായം പുനസ്ഥാപിക്കൂ.
കാൻസർ ഗവേഷണം മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളെ വരെ ബാധിക്കുന്നതാണ് ട്രംപിന്റെ ഉത്തരവെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പാക്കുന്നത് തിങ്കളാഴ്ച വരെ നീട്ടിവയ്ക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച കോടതിയിൽ വിശദമായ വാദം നടക്കും.