ട്രംപിന്റെ വിജയത്തിന് ഔദ്യോഗിക അംഗീകാരം
Wednesday, January 8, 2025 1:46 AM IST
വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെ നടന്ന യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് ട്രംപിന്റെ വിജയം അംഗീകരിച്ചത്.
വൈസ് പ്രസിഡന്റും എതിർസ്ഥാനാർഥിയുമായിരുന്ന കമല ഹാരിസാണ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. സമാധാനപരമായ അധികാര കൈമാറ്റത്തിനുള്ള നടപടികൾ തുടങ്ങിയതായി കമല ഹാരിസ് അറിയിച്ചു.
ഫലം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോടെ ഈ മാസം 20ന് ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായും ജെ.ഡി. വാൻസ് വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എതിർസ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിക്കാൻ നിയോഗം ലഭിക്കുന്ന നാലാമത്തെ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്.
2020 ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന്റെ വിജയം പ്രഖ്യാപിക്കാനായി 2021 ജനുവരി ആറിനു ചേർന്ന സംയുക്ത പാർലമെന്റ് സമ്മേളനം ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറി അലങ്കോലപ്പെടുത്തിയത് അമേരിക്കൻ ജനാധിപത്യത്തിന്റെ ശോഭ കെടുത്തിയ സംഭവമാണ്.