പാർലമെന്റ് വീണ്ടും സ്തംഭിച്ചു
Friday, November 29, 2024 3:53 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അദാനിക്കെതിരായ കുറ്റപത്രത്തിൽ ചർച്ച വേണമെന്ന സംയുക്ത പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിനെത്തുടർന്ന് ലോക്സഭയും രാജ്യസഭയും തുടർച്ചയായി മൂന്നാം ദിവസവും പാടെ സ്തംഭിച്ചു.
ലോക്സഭയിലെ പുതിയ കോണ്ഗ്രസ് അംഗങ്ങളായ പ്രിയങ്ക ഗാന്ധി വദ്രയുടെയും രവീന്ദ്ര ചവാന്റെയും സത്യപ്രതിജ്ഞ മാത്രമാണ് ഇന്നലെ തടസമില്ലാതെ നടന്നത്. ലോക്സഭയും രാജ്യസഭയും ഇന്നലെ രാവിലെ സമ്മേളിച്ചയുടൻ അദാനിയുടെ ക്രമക്കേടുകളെക്കുറിച്ച് ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
അദാനി, മണിപ്പുർ, സംബാൽ, വയനാട് സഹായം എന്നീ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് "ഇന്ത്യ’ സഖ്യം എംപിമാർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അടിയന്തരപ്രമേയ ചർച്ചയ്ക്കുള്ള എല്ലാ നോട്ടീസുകളും സ്പീക്കർ ഓം ബിർളയും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറും തള്ളി. രാജ്യസഭയിൽ വിവിധ വിഷയങ്ങളിലുള്ള 18 അടിയന്തര പ്രമേയങ്ങളാണ് അധ്യക്ഷൻ തള്ളിയത്.
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ഇരുസഭകളും നിർത്തിവച്ചു. പിന്നീട് ചേർന്നപ്പോഴും സർക്കാരും പ്രതിപക്ഷവും വഴങ്ങാത്തതിനെത്തുടർന്ന് ഇന്നു രാവിലെവരെ പിരിയുകയായിരുന്നു.
വയനാട്ടിൽ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ ഇരകളായവർക്കും അതിജീവിച്ചവർക്കും സഹായം നൽകുന്നതിൽ കേന്ദ്രസർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരുമെന്ന് കോണ്ഗ്രസ് അറിയിച്ചു.