ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും ചർച്ചയ്ക്ക്
Saturday, November 16, 2024 1:51 AM IST
ന്യൂഡൽഹി: അടുത്തയാഴ്ച ലാവോസിൽ നടക്കുന്ന ആസിയാൻ പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുന്നും കൂടിക്കാഴ്ച നടത്തിയേക്കും. അതിർത്തി പട്രോളിംഗ് കരാറിനു ശേഷമുള്ള നേതാക്കളുടെ ആദ്യ കൂടിക്കാഴ്ചയ്ക്കാകും ലാവോസ് സാക്ഷ്യം വഹിക്കുക.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ കൂടിക്കാഴ്ച കൂടുതൽ ശക്തി പകരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇരുവരും തമ്മിൽ ആശയവിനിമയം നടത്തിയേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. 11-ാമത് ആസിയാൻ പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ രാജ്നാഥ് സിംഗ് ഈ മാസം 20 മുതൽ 22 വരെയാണു ലാവോസ് സന്ദർശിക്കുന്നത്.
കഴിഞ്ഞ മാസം റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
അഞ്ചു വർഷത്തിനിടെ ആദ്യത്തെ ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു ഇത്. ഇതിനു പിന്നാലെ അതിർത്തിയിലെ സൈനിക പിന്മാറ്റത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്ത് അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഇരുപക്ഷവും മുൻഗണന നൽകണമെന്നു പറഞ്ഞിരുന്നു.
ഈ മാസം 18, 19 തീയതികളിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നു പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിക്കിടെ മോദി-ഷി ജിൻപിംഗ് കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.