ചെന്നൈയിൽ ഡോക്ടർക്ക് നേരേ കത്തിയാക്രമണം
Thursday, November 14, 2024 1:57 AM IST
ചെന്നൈ: നഗരത്തിലെ കലൈഞ്ജർ സെന്റനറി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടറെ ഒരാൾ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു.
പ്രമുഖ ഓങ്കോളജിസ്റ്റും സർക്കാർ ആശുപത്രിയിലെ അസോസിയേറ്റ് പ്രഫസറും ആയ ബാലാജിയെ വിഘ്നേഷ് എന്നയാളാണ് ഏഴുതവണ കത്തികൊണ്ടു കുത്തിയത്.
തന്റെ അമ്മയായ കാഞ്ചനയ്ക്ക് നൽകിയ ചികിൽസയിൽ അതൃപ്തനായിരുന്ന വിഘ്നേഷ് ഒപി റൂമിൽ വച്ച് ഡോക്ടറുടെ ചെവി, നെഞ്ച്, നെറ്റി, തല, വയർ എന്നിവിടങ്ങളിൽ കത്തികൊണ്ട് കുത്തുകയായിരുന്നു.
അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി ആധികൃതർ അറിയിച്ചു. ഹൃദയംസംബന്ധമായ രോഗങ്ങൾക്ക് ചികിൽസ തേടിയിട്ടുള്ള വ്യക്തിയായതിനാൽ കൂടുതൽ രക്തം നഷ്ടപ്പെടാനിടയായെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ചു സർക്കാർ ഡോക്ടർമാർ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.