ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറം നേതൃത്വം നൽകുന്ന കേരള ദിനാഘോഷം നവംബർ ഒന്പതിന് വൈകുന്നേരം നാല് മുതൽ എട്ട് വരെ ഫിലാഡൽഫിയയിൽ. നോർത്തീസ്റ്റ് ഫിലാഡൽഫിയയിലെ ക്രൂസ് ടൗണിലുള്ള മയൂര ഹാളിൽ പൊതു സമ്മേളനവും മുഖ്യആഘോഷ സാംസ്കാരിക പരിപാടികളും നടക്കും.
പ്രശസ്ത മലയാള നടി കവിയൂർ പൊന്നമ്മയോടുള്ള ആദരസൂചകമായി കേരള ദിനാഘോഷ വേദിയ്ക്ക് കവിയൂർ പൊന്നമ്മ സ്മാരക വേദി എന്നാണ് പേരിട്ടിരിയ്ക്കുന്നത്. കേരള ദിനാഘോഷ തീം: " ഇതെല്ലാവരുടെയും ബിസിനസ്' എന്നാണ്.
എന്റർപ്രണർ രംഗത്ത് മികവ് കാഴ്ചവച്ച് മലയാളികളുടെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ കലവറയില്ലാതെ സംഭാവനകൾ നൽകുന്ന പ്രഗത്ഭരായ വ്യവസായ പ്രമുഖരുടെ പ്രഭാഷണങ്ങൾ, കേരള ഡേ ആഘോഷങ്ങളിലെ മുഖ്യ കാര്യയിനമാണ്.
അറ്റേണി ജോസഫ് കുന്നേൽ ഉൾപ്പെടെയുള്ള പ്രശസ്തർ വിശിഷ്ടാതിഥികളാകും. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിലെ 15 അംഗ സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ പ്രസന്റേഷനുകളും അവാഡുകളും കലാപരിപാടികളും ആഘോഷങ്ങൾക്ക് ആഴം പകരും.
കേരള ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച് മിനിക്കഥ, മിനിക്കവിത, ചെറുലേഖനം എന്നി സാഹിത്യ രചനാ മത്സരങ്ങൾ ഇംഗ്ലീഷിൽ, ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾകൾക്കും മുതിർന്നവർക്കും ഓൻലൈനായി നടത്തുന്നുണ്ട്.
സാഹിത്യ വിജയികൾക്കുള്ള അവാഡുകൾ, അംഗസംഘടനകൾ നിർദേശിക്കുന്ന സാമൂഹ്യ പ്രവർത്തകർക്കുള്ള അവാഡുകൾ എന്നിവയും ക്രമീകരിക്കുന്നു. മലയാളചലച്ചിത്ര സംഗീത സംവിധാന അവാഡ് ഫെയിം ഷാജീ സുകുമാരന്റെ മയൂരാ റസ്റ്റോറന്റ് വിളമ്പുന്ന ഫുൾ കോഴ്സ് ഡിന്നറോടെയാണ് ആഘോഷങ്ങൾ സമാപിക്കുക.
അഭിലാഷ് ജോൺ (ചെയർമാൻ), ബിനു മാത്യു (സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറർ), ജോർജ് നടവയൽ (കേരള ഡേ ചെയർമാൻ), ജോബി ജോർജ്, വിൻസന്റ് ഇമ്മാനുവേൽ, ജോൺ പണിക്കർ, രാജൻ സാമുവേൽ, സുധ കർത്താ, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, സാജൻ വർഗീസ്, സുരേഷ് നായർ,
സുമോദ് നെല്ലിക്കാല, അലസ്ക് ബാബു, റോണി വർഗീസ്, തോമസ് പോൾ, ജോർജ് കുട്ടി ലൂക്കോസ്, ജീമോൻ ജോർജ്, ആഷ അഗസ്റ്റിൻ, സാറാ ഐപ്, ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസന്റ്, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്, സദാശിവൻ കുഞ്ഞി എന്നിവരുൾപ്പെടുന്ന സംഘാടക സമിതിയാണ് കേരള ഡേ ആഘോഷങ്ങൾക്കുള്ളത്.
മലയാളം മാതൃഭാഷയായ കൊച്ചി, മലബാർ, തെക്കൻ കാനറ, തിരുവിതാംകൂർ എന്നീ നാട്ടു ദേശങ്ങളെ 1956 നവംബർ ഒന്നിന് ഒരുമിപ്പിച്ച് കേരളം രൂപം കൊടുത്തതിന്റെയും തുടർന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് മലയാളമക്കൾ വ്യാപിച്ചതിന്റെയും സമകാലീന പ്രാധാന്യ പ്രസക്തികളെ ലോക മലയാളികളുടെ കാഴ്ചപ്പാടിൽ നോക്കിക്കാണുന്നതിനും വരുംതലമുറകൾക്ക് കേരള സംസ്കൃതിയുടെ ഗുണാത്മക മുഖങ്ങൾ പരിചയപ്പെടുത്തുന്നതിനുമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ട്രൈസ്റ്റേറ്റ് കേരള ഫോറം കേരള ദിനം ആഘോഷിയ്ക്കുന്നത്.
|