ജിമ്മി കാർട്ടർ ഓർമയായി
Tuesday, December 31, 2024 10:04 AM IST
വാഷിംഗ്ടൺ ഡിസി: സമാധാന നൊബേൽ ജേതാവായ മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ നൂറാം വയസിൽ അന്തരിച്ചു. സ്വദേശമായ ജോർജിയ സംസ്ഥാനത്തെ പ്ലെയിൻസ് നഗരത്തിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. അവസാനകാലത്ത് പലവിധ അസുഖങ്ങളാൽ കഷ്ടപ്പെട്ടിരുന്നു.
39-ാമത് പ്രസിഡന്റായിരുന്ന കാർട്ടർ 1977 മുതൽ 1981 വരെയാണ് ഭരിച്ചത്. നൂറാം ജന്മദിനം ആഘോഷിക്കാൻ ഭാഗ്യമുണ്ടായ ഏക മുൻ അമേരിക്കൻ പ്രസിഡന്റാണ്. ഭരണകാലത്ത് നഷ്ടപ്പെട്ട ജനപ്രീതി പിന്നീട് ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ വീണ്ടെടുത്തുവെന്ന പ്രത്യേകത അദ്ദേഹത്തിനുണ്ട്.
കാർട്ടറുടെ പരിശ്രമത്തിലാണ് ഇസ്രയേലും ഈജിപ്തും തമ്മിൽ സമാധാന ഉടന്പടിയുണ്ടാക്കിയത്. കാർട്ടറിനോടുള്ള ബഹുമാനാർഥം പ്രസിഡന്റ് ജോ ബൈഡൻ ജനുവരി ഒന്പതിന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
പ്ലെയിൻസ് നഗരത്തിലെ കർഷകകുടുംബത്തിൽ 1924 ഒക്ടോബർ ഒന്നിനാണ് ജയിംസ് ഏൾ കാർട്ടർ ജൂണിയർ ജനിച്ചത്. നേവൽ അക്കാദമിൽനിന്നു ബിരുദം നേടിയശേഷം സൈന്യത്തിൽ സേവനം അനുഷ്ഠിച്ചു. തിരിച്ചുവന്ന് കുടുംബത്തിന്റെ കൃഷികാര്യങ്ങൾ ശ്രദ്ധിച്ച അദ്ദേഹം അതിസന്പന്നനായി.
ഡെമോക്രാറ്റിക് പാർട്ടിക്കാരനായിരുന്ന കാർട്ടർ ജോർജിയ സംസ്ഥാനത്ത് ഗവർണർ പദവി വഹിച്ച ശേഷമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായിരുന്ന ജറാൾഡ് ഫോർഡിനെയാണ് തോൽപ്പിച്ചത്.
പശ്ചിമേഷ്യയിൽ സമാധാനത്തിനു തിരികൊളുത്താൻ കഴിഞ്ഞതാണ് കാർട്ടർ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം. കാർട്ടർ 1978ൽ ഇസ്രേലി പ്രധാനമന്ത്രി മെനാഹിം ബെഗിനെയും ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തിനെയും അമേരിക്കയിലേക്കു ക്ഷണിച്ചുവരുത്തി ചർച്ചകൾക്കു തുടക്കമിട്ടു.
ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ കാർട്ടർ നേരിട്ട് ഈജിപ്തും ഇസ്രയേലും സന്ദർശിച്ചു. 1979ൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ഉടന്പടിയുണ്ടായി. ഈജിപ്തിലെ സീനായ് പ്രദേശത്തുനിന്ന് ഇസ്രയേൽ പിന്മാറുകയും ഇരുരാജ്യങ്ങളും തമ്മിൽ നയന്ത്രബന്ധം ആരംഭിക്കുകയും ചെയ്തു. ബെഗിനും അൻവർ സാദത്തും 1978ലെ സമാധാന നൊബേൽ പങ്കുവച്ചു.
അതേസമയം, അമേരിക്കയിലെ സാന്പത്തിക മാന്ദ്യവും ഇറാനിൽ അമേരിക്കൻ പൗരന്മാർ തടവിലായതും കാർട്ടറുടെ ജനപ്രീതി ഇടിച്ചു. 1980ലെ തെരഞ്ഞെടുപ്പിൽ കാർട്ടർ രണ്ടാമൂഴത്തിനു മത്സരിച്ചുവെങ്കിലും മുൻ നടനും കലിഫോർണിയ ഗവർണറുമായ റിപ്പബ്ലിക്കൻ സ്ഥാനാർഥി റൊണാൾഡ് റീഗനോടു വൻ പരാജയമേറ്റുവാങ്ങി. ഇലക്ടറൽ കോളജിൽ 50 സംസ്ഥാനങ്ങളിൽ 44ഉം സ്വന്തമാക്കിയായിരുന്നു റീഗന്റെ ജയം.
സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് അമേരിക്ക 1980ലെ മോസ്കോ ഒളിന്പിക്സ് ബഹിഷ്കരിച്ചത് കാർട്ടറുടെ കാലത്താണ്. പാനമ കനാലിന്റെ ഉടമസ്ഥത പാനമയ്ക്കു കൈമാറിയതും കാർട്ടറാണ്.
അധികാരമൊഴിഞ്ഞ കാർട്ടർ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മനുഷ്യാവകാശ പോരാട്ടങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചു. അന്താരാഷ്ട്ര സംഘർഷങ്ങൾ അവസാനിപ്പിക്കാനും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കാനും നടത്തിയ ശ്രമങ്ങൾക്ക് 2002ൽ കാർട്ടർക്ക് സമാധാന നൊബേൽ ലഭിച്ചു.
കാർട്ടറുടെ പത്നി റോസലിൻ 2023 നവംബറിൽ 96-ാം വയസിലാണ് അന്തരിച്ചത്. 1946ൽ വിവാഹിതരായ ഇരുവരും 77 വർഷം ഒരുമിച്ചു ജീവിച്ചു. ദന്പതികൾക്ക് നാലു മക്കളുണ്ട്.