നടൻ പ്രേംപ്രകാശിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം
പി.പി. ചെറിയാൻ
Tuesday, December 31, 2024 3:39 PM IST
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യൂക്കേഷൻ സെന്ററും കേരള അസോസിയേഷൻ ഓഫ് ഡാളസും ചേർന്ന് സിനിമ - സീരിയൽ നടൻ പ്രേം പ്രകാശിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കും. മലയാള സിനിമ, സീരിയൽ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ആണ് പുരസ്കാരം നൽകുന്നത്.
ജനുവരി നാലിന് വൈകുന്നേരം ആറിന് ഗാർലൻഡ് സെന്റ് തോമസ് കാത്തലിക് ചർച്ചിൽ നടക്കുന്ന കേരള അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷ വേദിയിൽ വച്ച് പുരസ്കാരം നൽകും.
ഡാളസിലെ മലയാളികൾ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഇന്ത്യ കൾച്ചറൽ എജ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു അബ്രഹാം, ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ എന്നിവർ പറഞ്ഞു.
കഴിഞ്ഞ 56 വർഷമായി നിർമാതാവ്, നടൻ, ഗായകൻ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഇരുപത്തിയഞ്ചോളം സീരിയലുകളിലും നൂറിൽ പരം സിനിമകളിലും അഭിനയിക്കുകയും ചെയ്തു. പിന്നണി ഗായകൻ കൂടിയാണ് അദ്ദേഹം. ഇതിനോടകം ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.