എന്നു യാഥാർഥ്യമാകും ഒറ്റപ്പാലത്തെ ബ്ലഡ് ബാങ്ക്?
1585429
Thursday, August 21, 2025 7:06 AM IST
ഒറ്റപ്പാലം: രക്തബാങ്കിന് വേണ്ടിയുള്ള ഒറ്റപ്പാലത്തിന്റെ കാത്തിരിപ്പ് അനിശ്ചിതമായി തുടരുന്നു. അഞ്ചുവർഷം മുമ്പാണ് ഒറ്റപ്പാലത്ത് രക്തബാങ്ക് പദ്ധതി പ്രഖ്യാപിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ അനുമതികൂടി ലഭിച്ചാലേ ഈ പദ്ധതി യാഥാർഥ്യമാവുകയുള്ളു.
ഇതിനായി ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ പരിശോധന പൂർത്തിയാക്കി അന്തിമാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടന്നാണ് സൂചന. അഞ്ചുവർഷം മുമ്പ് പി. ഉണ്ണി എംഎൽഎയായിരിക്കെയാണ് താലൂക്ക് ആശുപത്രിയിൽ രക്തബാങ്ക് തുടങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ദിവസേന അറുപതിലേറെ രോഗികൾക്ക് ഡയാലിസിസ് ചെയ്തുനൽകുന്ന ആശുപത്രിയിൽ രക്തബാങ്കിന്റെ സാധ്യത മുന്നിൽകണ്ടായിരുന്നു പദ്ധതിയൊരുക്കൽ.
74 ലക്ഷം രൂപ ചെലവിലാണ് പദ്ധതി. ഭൗതികസാഹചര്യങ്ങളും യന്ത്രസംവിധാനങ്ങളും ഇതിന് വേണ്ട ജീവനക്കാരുടെ നിയമനവുമെല്ലാം പൂർത്തിയായിട്ടുണ്ട്. ദേശീയ ആരോഗ്യദൗത്യം മുഖാന്തരമാണ് ഡോക്ടറെയും കൗൺസിലറെയും സാങ്കേതികജീവനക്കാരെയും നിയമിച്ചത്.
നടപ്പായാൽ ഒറ്റപ്പാലത്തിന് പുറമേ, പടിഞ്ഞാറൻ പാലക്കാടൻ മേഖലയ്ക്കാകെ ഗുണകരമാകും. ജില്ലയിൽ മണ്ണാർക്കാട്ടും പാലക്കാട് ജില്ലാശുപത്രിയിലും മാത്രമാണ് രക്തബാങ്കുള്ളത്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കുപോലും രക്തം എത്തിക്കുന്നത് പാലക്കാട്ടുനിന്നാണ്. ബാങ്ക് വരുന്നതോടെ പട്ടാമ്പി, ഷൊർണൂർ, തൃത്താല ഭാഗത്തുള്ളവർക്കും സ്വകാര്യാശുപത്രികൾക്കും ഗുണകരമാകും. അനുമതി കിട്ടിയാലുടൻ പ്രവർത്തനം തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
ഒരു മാസം 80 യൂണിറ്റ് മുതൽ 100 യൂണിറ്റ് വരെ രക്തമാണ് ഒറ്റപ്പാലത്ത് സംഭരിക്കാനാവുക. ദന്തവിഭാഗം ഒപി പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് രക്തബാങ്കിനും സ്ഥലമൊരുക്കിയിട്ടുള്ളത്. പ്ലേറ്റ്ലെറ്റ് അടക്കമുള്ള രക്തബാങ്കും അനുബന്ധസൗകര്യങ്ങളുമാണുണ്ടാവുക. കുട്ടികളുടെ കുത്തിവയ്പ് നടക്കുന്ന ആശുപത്രിക്കെട്ടിടത്തിലെ മുകൾനിലയിലെ മുറിയാണ് രക്തബാങ്കിനായി കണ്ടെത്തിയിട്ടുള്ളത്.