കൊഴിഞ്ഞാന്പാറയിൽ മരംവീണ് മണിക്കൂറുകളോളം ഗതാഗത തടസം
1584715
Tuesday, August 19, 2025 12:08 AM IST
ചിറ്റൂർ: കൊഴിഞ്ഞാമ്പാറ പുത്തൻപാതയിൽ കനത്തമഴയിൽ മരം കടപുഴകി റോഡിന് കുറുകെവീണ് രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പുത്തൻപാതയിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. കൂറ്റൻമരം നിലമ്പതിച്ചതിൽ അഞ്ച് വൈദ്യുതി പോസ്റ്റുകളും കമ്പികളും പൊട്ടി.
അപകടസമയത്ത് നിരത്തിൽ കാൽനടയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.
ചിറ്റൂർ അഗ്നിരക്ഷാസേനയും പൊതുമരാമത്ത് ജീവനക്കാരും ചേർന്ന് മരംമുറിച്ചുനീക്കി പത്തുമണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു. ചിറ്റൂർ നിലയം സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ബൈജു, എഫ്ആർഒമാരായ ഇസ്മയിൽ, കൃഷ്ണദാസ്, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.