കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യശേഖരത്തിനു തീപിടിച്ചു
1585015
Wednesday, August 20, 2025 1:14 AM IST
കുമരംപുത്തൂർ: കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യശേഖരണ കേന്ദ്രത്തിനുസമീപം കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ചു. അഗ്നിശമനസേനയെത്തി തീയണച്ചു. ഇന്നലെ വൈകുന്നേരം അറു മണിയോടെയാണ് കുമരംപുത്തൂർ ചുങ്കം മങ്കുഴിപാറയിലെ പൊതുശ്മശാനത്തിനു സമീപത്തു തീപിടിത്തമുണ്ടായത്.
പുതുതായി നിർമിച്ച എംസിഎഫ് കെട്ടിടത്തു സമീപം പുറത്ത് പ്ലാസ്റ്റിക് ചാക്കുകളിലായി കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിനു തീപിടിക്കുകയായിരുന്നു. അഗ്നിരക്ഷാസേന ഉടൻ എത്തിയെങ്കിലും സേനയുടെ വാഹനം എത്താനുള്ള റോഡില്ലാത്തത്തിനാൽ സ്വകാര്യ വ്യക്തികളുടെ തോട്ടത്തിലൂടെ വാഹനമെത്തിച്ചാണ് തീയണച്ചത്. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.