തൃത്താല ഓണം കാര്‍ഷികോത്സവം സെപ്റ്റംബര്‍ ഒന്നുമുതല്‍ മൂന്നുവരെ
1585004
Wednesday, August 20, 2025 1:14 AM IST
തൃത്താല: മണ്ഡലത്തിലെ ഓണം ജനകീയ കാര്‍ഷികോത്സവം സെപ്തംബര്‍ ഒന്നുമുതല്‍ മൂന്നുവരെ നടക്കും. മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് മന്ത്രി എം. ബി. രാജേഷ് നടപ്പാക്കുന്ന സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷികോത്സവം സംഘടിപ്പിക്കുന്നത്.
ഓണവിപണി ലക്ഷ്യമിട്ട് 160 ഏക്കര്‍ സ്ഥലത്ത് നടത്തിയ പച്ചക്കറിയും കിഴങ്ങു വിളകളും പൂക്കളുമെല്ലാം ഓണ വിപണിയ്ക്ക് തയാറായി.
കര്‍ഷകരില്‍നിന്ന് 20 ശതമാനം അധിക വിലയ്ക്ക് പച്ചക്കറികള്‍ സംഭരിച്ച് 30 ശതമാനം കുറഞ്ഞ വിലയ്ക്ക് വിപണനം നടത്തുമെന്നതാണ് കാര്‍ഷികോത്സവത്തിന്റെ പ്രത്യേകത.
മണ്ഡലത്തിലെ എല്ലാ തരിശു ഭൂമിയെയും കൃഷിയോഗ്യമാക്കി തൃത്താലയിലെ ജനങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറി കൃഷിചെയ്യാനും പച്ചക്കറിക്കൃഷിയില്‍ സ്വയം പര്യാപ്തത നേടാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കൂടാതെ ഓണക്കിറ്റ് പദ്ധതിയും കാര്‍ണിവലിന്റെ ഭാഗമായുണ്ടാകും. കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് വിഭവങ്ങള്‍ തയാറാക്കുക.
പ്രദര്‍ശന വിപണനമേള, കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സംരംഭകരുടെയും പ്രൊഫഷണലുകളുടെയും സംഗമം, കാര്‍ഷിക സാഹിത്യോത്സവം, പുസ്തകോത്സവം, കാര്‍ഷിക സെമിനാറുകള്‍, സംവാദങ്ങള്‍, പ്രാദേശിക കാര്‍ഷിക തനതുസാംസ്കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.