മലന്പുഴയ്ക്ക് ഇനി പുതിയ മുഖം; 75.87 കോടിയുടെ നവീകരണപദ്ധതിക്കു തുടക്കം
1585426
Thursday, August 21, 2025 7:06 AM IST
പാലക്കാട്: വിനോദസഞ്ചാര ഭൂപടത്തിൽ മലന്പുഴയ്ക്ക് ഇനി പുതിയ മുഖം. മൈസൂർ വൃന്ദാവൻ ഗാർഡൻസിന്റെ മാതൃകയിൽ മലന്പുഴ ഉദ്യാനവും പരിസരവും നവീകരിക്കുന്നതിനുള്ള 75.87 കോടി രൂപയുടെ ബൃഹദ് പദ്ധതിക്ക് തുടക്കമായി.
കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മലന്പുഴയെ വടക്കൻ കേരളത്തിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി ഉയർത്താനുള്ള പ്രവൃത്തികൾ നടത്തുന്നത്. ജലസേചന വകുപ്പിന്റെ പൂർണസഹകരണത്തോടെയാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇരു വകുപ്പുകളും ധാരണയിലെത്തുകയും കരാറിൽ ഏർപ്പെടുകയും ചെയ്തതോടെ പ്രവൃത്തികൾക്ക് ഒൗദ്യോഗികമായി തുടക്കമായി. ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്ട് സഹകരണസംഘമാണ് നിർമാണ പ്രവൃത്തികൾ നടത്തുന്നത്.
മലന്പുഴയുടെ പ്രകൃതിഭംഗിക്ക് കോട്ടം തട്ടാതെ സന്ദർശകർക്ക് കൂടുതൽ ആധുനികവും ആകർഷകവുമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതിയ തീം പാർക്കുകൾ, വാട്ടർ ഫൗണ്ടനുകൾ, മറ്റ് വിനോദകേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കും. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ അനുഭവം നൽകും. കൂടാതെ ഓർക്കിഡ് പുഷ്പങ്ങൾക്കായിപ്രത്യേക ഓർക്കിഡ് പാർക്ക് ഒരുങ്ങും.
നിലവിലുള്ള ഉദ്യാനത്തിന്റെ രൂപകല്പനയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൂന്തോട്ടത്തിന് നടുവിലൂടെ വിശാലമായ നടപ്പാതകളും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും സ്ഥാപിക്കും. പ്രാദേശിക കാർഷിക പൈതൃകത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു പ്രത്യേക മാന്പഴത്തോട്ടം ഒരുക്കും. അതോടൊപ്പം പരന്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള വേദികളും നിർമിക്കും.
ഭിന്നശേഷിക്കാർക്ക് ഉദ്യാനത്തിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ പ്രത്യേക വഴികളും റാന്പുകളും നിർമിക്കും. പരിസ്ഥിതി സൗഹൃദപരമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് മലന്പുഴയെ കൂടുതൽ വൃത്തിയുള്ളതും സുസ്ഥിരവുമായ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും. 2026 മാർച്ച് 31ന് മുന്പ് പദ്ധതി പൂർത്തീകരിക്കും.