കുന്ദംകാട്ടുപതിയിൽ മോട്ടോർ തകരാറിലായി; കുടിവെള്ളവിതരണം നിലച്ചു
1584721
Tuesday, August 19, 2025 12:08 AM IST
വണ്ടിത്താവളം: കേരള വാട്ടർ അഥോറിറ്റി ജലവിതരണം നിലച്ചതോടെ ആയിരക്കണക്കിനു കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ വലഞ്ഞു. കുന്ദംകാട്ടുപതി ജലസംഭരണി ശുദ്ധീകരണശാലയിലെ മോട്ടോർ തകരാറിലായതാണ് പമ്പിംഗ് നിലച്ചത്. പട്ടഞ്ചേരി - പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിലെ ഹോട്ടൽ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾക്കും കുടിവെള്ള സംഭരണത്തിനായി വാഹനങ്ങളിൽ ദൂരെ ദിക്കുകളിൽ പോവേണ്ടതായി വന്നു.
പമ്പിംഗ് സ്റ്റേഷനിൽ ഇടയ്ക്കിടെ യന്ത്രതകരാറുണ്ടാകുന്നത് താമസക്കാർക്ക് ഏറെ വിഷമകരമായിരിക്കുകയാണ്. മിക്ക വീടുകളിലും പൈപ്പ്കണക്ഷൻ ലഭിച്ചതിനാൽ കുടിവെള്ള ശേഖരണത്തിനായി കിണറുകളേയോ മറ്റു ജലസംഭരണികളയോ ആശ്രയിക്കാറില്ല. തകരാറിലായ മോട്ടോർ ശരിപ്പെടുത്തുന്ന ജോലികൾ പുരോഗമിച്ചുവരുന്നതിനാൽ ഇന്നുരാവിലെമുതൽ ജലവിതരണം പുനരാംരംഭിക്കാനാവുമെന്ന് ചിറ്റൂർ വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു.