മംഗലംഡാം ടൗൺ- 35 റോഡിന്റെ റീ ടാറിംഗ് പ്രവൃത്തികൾ തുടങ്ങി
1585002
Wednesday, August 20, 2025 1:14 AM IST
മംഗലംഡാം: വഴി നടക്കാനാകാത്ത വിധം തകർന്നു കിടന്നിരുന്ന മംഗലംഡാം ടൗണിലെ 35 എന്ന പ്രദേശത്തേക്കുള്ള റോഡിന്റെ റീ ടാറിംഗ് വർക്കുകൾ തുടങ്ങി.
ഇതിന്റെ ഭാഗമായി ആദ്യഘട്ട മെറ്റൽ വിരിച്ച് റോഡ് ബലപ്പെടുത്തുന്ന പണികളാണ് നടക്കുന്നത്. മഴക്കാലം മാറുന്നതോടെ ടാറിംഗ് നടത്തുമെന്നു അധികൃതർ പറഞ്ഞു.
ഒരു പതിറ്റാണ്ടിലേറെയായി തകർന്നു കിടക്കുന്ന റോഡാണിത്. മംഗലംഡാം ഉദ്യാനത്തിലേക്കുള്ള പ്രവേശ കവാടത്തിനോടു ചേർന്നുള്ള ഇടുങ്ങിയ വഴിയിലൂടെ തുടങ്ങുന്നതാണ് കഷ്ടി ഒരുകിലോമീറ്റർ ദൂരമുള്ള ഈ റോഡ്. എഴുപതോളം വീടുകളുണ്ട് ഈ പ്രദേശത്ത്. ഇറിഗേഷൻ വകുപ്പിനു കീഴിലുള്ളതാണ് റോഡ്. യഥാസമയം ടാറിംഗ് നടത്താതിരുന്നതിനാൽ ടാറിംഗിന്റെ ശേഷിപ്പുകൾ മാത്രമെ റോഡിലുണ്ടായിരുന്നുള്ളു. മംഗലംഡാം കമ്മീഷൻ ചെയ്തതുമുതൽ 70 വർഷത്തോളമായി പ്രദേശത്തേക്കുള്ള വഴിയും ഇതാണ്.
സിസ്റ്റേഴ്സിന്റെ കോൺവന്റ് ഉൾപ്പെടെ തിങ്ങിനിറഞ്ഞ് വീടുകളുണ്ട് 35 പ്രദേശത്ത്. വീടുകൾക്കു മുന്നിലുള്ള ഇറിഗേഷൻ ഭൂപ്രദേശങ്ങൾ പൊന്തക്കാടായി കിടക്കുന്നതിനാൽ പ്രദേശം മുഴുവൻ പന്നിക്കൂട്ടങ്ങൾ കൈയടക്കിയ നിലയിലാണിപ്പോൾ.
ആളുകൾ മാലിന്യം തള്ളുന്നതും പഴയകാലത്ത് പൂന്തോട്ടങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലാണ്. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനൊപ്പം അപകട ഭീഷണിയായി നിൽക്കുന്ന വഴിയിലെ വൻമരങ്ങൾ മുറിച്ചുമാറ്റി ഭീതിയില്ലാതെ നടന്നു പോകാൻ സൗകര്യമുണ്ടാക്കണമെന്നും 35 ലെ വീട്ടുകാർ ആവശ്യപ്പെട്ടു.