ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ ഒപി കൗണ്ടർ മാറ്റണമെന്ന് ആവശ്യം
1585425
Thursday, August 21, 2025 7:06 AM IST
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ ഒപി കൗണ്ടർ താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് ആവശ്യം. ആശുപത്രിയിൽ പുതിയകെട്ടിടത്തിൽ ഒന്നാംനിലയിലാണ് ഒപി കൗണ്ടർ ഇപ്പോൾ പ്രവർത്തിക്കുന്നത്. അത്യാഹിതവിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഒപി ചീട്ട് എടുക്കാൻ ഒന്നാം നിലയിൽ എത്തേണ്ട അവസ്ഥ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.
രോഗബാധിതരായി തളർന്നെത്തുന്ന രോഗികൾ താഴത്തെനിലയിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുമ്പോൾ ഒപി ചീട്ട് എടുക്കാൻ ഒന്നാം നിലയിലെത്തേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് ആവശ്യം.
രോഗി തനിച്ചാണ് വരുന്നതെങ്കിൽ ചവിട്ട് പടികൾ കയറിയോ ലിഫ്റ്റിൽ കയറിയോ ഒപി ചീട്ട് എടുത്ത് വീണ്ടും താഴത്തേക്ക് തിരിച്ചുവന്ന് ഡോക്ടറെ കാണുക എന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വളരെ കഷ്ടപ്പെട്ട് ഒപി ചീട്ടെടുത്ത് താഴത്തെനിലയിൽ എത്തി അത്യാഹിതവിഭാഗത്തിലെ ഡോക്ടറുടെ പരിശോധന കഴിഞ്ഞ് സ്പെഷലിസ്റ്റ് ഡോക്ടറെ കാണാനാണ് നിർദേശമെങ്കിൽ വീണ്ടും മറ്റൊരു ഒപി ചീട്ട് എടുക്കണം എന്ന് നിർബദ്ധിക്കുന്നത് വലിയ ബുദ്ധിമുട്ടുകൾ ഉയർത്തുന്നതായി ആക്ഷേപമുണ്ട്.
ഒറ്റയ്ക്ക് വരുന്ന രോഗികൾക്കും കൂട്ടിരിപ്പിന് ആളില്ലാതെ കുട്ടികളുമായി വരുന്ന രോഗികൾക്കും അത്യാഹിതവിഭാഗത്തിൽ ചികിത്സക്ക് എത്തുമ്പോൾ മുകളിലെനിലയിൽ എത്തി ഒപി ചീട്ട് എടുക്കാൻ വളരെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതിന് പരിഹാരം വേണമെന്നാണ് ജനകീയാവശ്യം. ഒപി ചീട്ട് എടുക്കാനുള്ള കൗണ്ടറും അന്വേഷണ കൗണ്ടറും ആശുപത്രികളുടെ താഴത്തെ നിലയിൽ ആയിട്ടാണ് മറ്റ് ആശുപത്രികളിലെല്ലാം പ്രവർത്തിക്കുന്നത്.
അപകടങ്ങൾ സംഭവിച്ചും അത്യാസന്ന നിലയിലും എത്തുന്ന രോഗികൾക്ക് 24 മണിക്കൂറും അത്യാഹിതവിഭാഗത്തിൽ നിന്നുതന്നെ ചീട്ട് നൽകാൻ കഴിയുമോ എന്നുകൂടി പരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.